നിക്ഷേപങ്ങൾക്ക് വഴിതുറന്ന് യു.എ.ഇ ഇൻവെസ്റ്റോപ്പിയ ഗ്ലോബൽ സമ്മിറ്റ്
വിശാഖപട്ടണം: യു.എ.ഇയും ഇന്ത്യയും തമ്മിൽ മികച്ച നിക്ഷേപങ്ങൾക്ക് വഴിയൊരുക്കി ഇൻവെസ്റ്റോപ്പിയ ഗ്ലോബൽ സമ്മിറ്റ് ആന്ധ്രപ്രദേശിൽ നടന്നു. ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു. യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, യു.എ.ഇയിൽ നിന്നുള്ള വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്ത സമ്മിറ്റിൽ ഇന്ത്യ- യു.എ.ഇ നിക്ഷേപരംഗത്തെ പുതിയ സാദ്ധ്യതകൾ ചർച്ചയായി. ഇന്ത്യ യു.എ.ഇ ഫുഡ് കോറിഡോർ, ഗ്രീൻ എനർജി, സീപോർട്ട്, ലോജിസ്റ്റിക്‌സ്, ഷിപ്പ് ബിൽഡിംഗ്, ഡിജിറ്റൽ, എഐ, സ്‌പേസ്, ടൂറിസം രംഗത്ത് നിക്ഷേപം ശക്തിപ്പെടുത്താനും ധാരണയായി.
അമരാവതിയിലേക്ക് കൂടി ലുലുവിന്റെ സേവനം വിപുലമാക്കണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു യൂസഫലിയോട് ആവശ്യപ്പെട്ടു. യു.എ.ഇയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറഞ്ഞു.