ഓൺലൈൻ ഷോപ്പിംഗിന് ബയോമെട്രിക് സംവിധാനവുമായി ഫെഡറൽ ബാങ്ക്

Friday 25 July 2025 12:42 AM IST

കൊച്ചി: ഓൺലൈൻ പർച്ചേസ് ചെയ്യുന്ന ഇടപാടുകാർക്ക് സുരക്ഷിതവും ആധികാരികവുമായ പേയ്‌മെന്റുകൾ നടത്താൻ ബയോമെട്രിക് സൗകര്യമൊരുക്കി ഫെഡറൽ ബാങ്ക്. ഇടപാടുകാർക്ക് ഇനി മുതൽ ഫിംഗർപ്രിന്റ്, ഫേസ് ഐഡി എന്നിവയിലൂടെ പേയ്‌മെന്റുകൾ നടത്താം. ഒ.ടി.പിക്കു കാത്തുനിൽക്കാതെ അതിവേഗം ഇടപാടുകൾ നടത്താമെന്നതാണ് ബയോമെട്രിക് സംവിധാനത്തിന്റെ സവിശേഷത. രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്ക് ഓൺലൈൻ ഷോപ്പിംഗ് ഇടപാടുകൾക്ക് ബയോമെട്രിക് സംവിധാനം നടപ്പിലാക്കുന്നത്. ആഗോള ഫിൻടെക് സേവനദാതാക്കളായ എം2പി, മിങ്കസുപേ എന്നീ കമ്പനികളുടെ സഹകരണത്തോടെയാണ് ഈ സൗകര്യം നടപ്പാക്കുന്നത്.

ഇടപാടുകാർക്ക് നൂതന ബാങ്കിങ് അനുഭവം ലഭ്യമാക്കുകയെന്ന ഫെഡറൽ ബാങ്കിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ബയോമെട്രിക് സംവിധാനം അവതരിപ്പിക്കുന്നതെന്ന് ബാങ്കിന്റെ ഉപഭോക്തൃ ബാങ്കിംഗ് വിഭാഗം നാഷണൽ ഹെഡ് വിരാട് സുനിൽ ദിവാൻജി പറഞ്ഞു. ആൻഡ്രോയിഡ്, ഐ.ഒ.എസ് സ്മാർട്ട് ഫോണുകളിൽ സൗകര്യം ലഭ്യമാണ്. തുടക്കത്തിൽ ഫെഡറൽ ബാങ്ക് കാർഡ് (ഡെബിറ്റ്, ക്രെഡിറ്റ്) ഉടമകൾക്കു ലഭിക്കുന്ന ബയോമെട്രിക് സൗകര്യം വൈകാതെ കൂടുതൽ പ്ലാറ്റ്‌ഫോമുകളിലേക്ക് വിപുലീകരിക്കുമെന്നും ഫെഡറൽ ബാങ്ക് അറിയിച്ചു.