ഡബ്ല്യു ഡബ്ല്യു ഇ ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

Thursday 24 July 2025 10:50 PM IST

വാഷിംഗ്ടണ്‍ ഡിസി: വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയ്ന്‍മെന്റ് (WWE) ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഹള്‍ക്ക് ഹോഗന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ടെറി ജീന്‍ ബോലെ മരണപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ഫ്‌ളോറിഡയിലെ വീട്ടില്‍ വച്ചായിരുന്നു മരണം. താരത്തിന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ഇത് നിഷേധിച്ചിരുന്നു.

2005ലാണ് അദ്ദേഹം ഹാള്‍ ഓഫ് ഫെയ്മില്‍ ഇടം നേടുന്നത്. ഡബ്ല്യു ഡബ്ല്യു ഇയെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഹോഗന്‍. 1980, 90 കാലഘട്ടത്തില്‍ ലോകമെമ്പാടും വലിയ ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു ഹോഗന്. നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ വിജയിച്ച താരത്തിന് ഇന്ത്യയിലും നിരവധി ആരാധകരുണ്ട്. 1953ല്‍ ജോര്‍ജിയയിലെ അഗസ്റ്റയിലാണ് ഹള്‍ക്ക് ജനിച്ചത്.

1983ലായിരുന്നു ആദ്യ വിവാഹം. ലിന്‍ഡ ഹോഗനാണ് ആദ്യ ഭാര്യ. ബ്രൂക്ക്, നിക്ക് എന്നീ രണ്ടു മക്കളുണ്ട്. 2009ല്‍ ലിന്‍ഡയുമായി വിവാഹമോചനം നേടി. പിന്നാലെ 2010 ജെന്നിഫര്‍ മക്ഡാനിയേലിനെ വിവാഹം ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. 2023ല്‍ ഹോഗന്‍ വീണ്ടും വിവാഹിതനായി. സ്‌കൈ ഡെയ്ലിയെയാണ് വിവാഹം ചെയ്തത്.