വനിതാ ചെസ് ലോകകപ്പിന് ഇന്ത്യന്‍ ഫൈനല്‍; ദിവ്യ ദേശ്മുഖിന് പിന്നാലെ കൊനേരു ഹംപിയും കലാശപ്പോരിന്

Thursday 24 July 2025 11:10 PM IST

ദിവ്യ ദേശ്മുഖിന് പിന്നാലെ കൊനേരു ഹംപിയും വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍

ഇന്ത്യന്‍ താരങ്ങള്‍ വനിതാ ലോകകപ്പ് ഫൈനലില്‍ എത്തുന്നത് ഇതാദ്യം

ഹംപി സെമി ഫൈനല്‍ ടൈ ബ്രേക്കറില്‍ കീഴടക്കിയത് ലീ ടിംഗ് ജീയെ

ബാത്തുമി : ജോര്‍ജിയയിലെ ബാത്തുമിയില്‍ പിറന്നത് ഇന്ത്യന്‍ ചെസിന്റെ സുവര്‍ണമുഹൂര്‍ത്തം. വനിതാ ലോകകപ്പിന്റെ ഫൈനലിലേക്ക് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ പ്രവേശിച്ചതോടെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഇന്ത്യയിലേക്ക് എത്തുമെന്നുറപ്പായി. 19കാരി ദിവ്യ ദേശ്മുഖും 38കാരി കൊനേരു ഹംപിയുമാണ് ഫൈനലിലെത്തിയിരിക്കുന്നത്. വനിതാ ചെസിലെ ചൈനീസ് ആധിപത്യത്തെ കടപുഴക്കിയെറിഞ്ഞാണ് ഇരുവരുടേയും ഫൈനല്‍ പോരാട്ടം.

കഴിഞ്ഞ ദിവസം മുന്‍ ലോകചാമ്പ്യന്‍ ടാന്‍ സോംഗ്ഇയെ സെമിയില്‍ കീഴടക്കി ദിവ്യയാണ് ആദ്യം ഫൈനലിലെത്തിയത്. ഇന്നലെ ചൈനീസ് താരം ലീ ടിംഗ് ജീയ്ക്ക് എതിരായ സെമിഫൈനലിലെ ടൈബ്രേക്കറില്‍ വിജയിച്ചാണ് ഹംപി ഫൈനലിലെത്തിയത്. സെമി ഫൈനലിന്റെ ആദ്യ രണ്ട് ഗെയിമുകളും സമനിലയില്‍ പിരിഞ്ഞതിനെത്തുടര്‍ന്നാണ് ഇന്നലെ ടൈബ്രേക്കര്‍ വേണ്ടിവന്നത്. ടൈബ്രേക്കറിന്റെ 10 മിനിട്ട് വീതമുള്ള ആദ്യ രണ്ട് ഗെയിമുകളും സമനിലയിലാണ് പിരിഞ്ഞത്.

തുടര്‍ന്ന് അഞ്ചുമിനിട്ട് ദൈര്‍ഘ്യമുള്ള രണ്ട് പോരാട്ടങ്ങള്‍ നടന്നു. ഇതില്‍ ആദ്യത്തേതില്‍ ലീ ടിംഗ്ജീ വിജയിച്ചു. എന്നാല്‍ രണ്ടാം ഗെയിമില്‍ ഹംപി വിജയം നേടി തിരിച്ചടിച്ചതോടെ മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ടൈബ്രേക്കറിലേക്ക് കടന്നു. ഇതില്‍ ആദ്യത്തേതില്‍ ഹംപി ജയിച്ചതോടെ ചൈനീസ് താരം പ്രതിരോധത്തിലായി. അടുത്തഗെയിമില്‍ കൂടി ഹംപി വിജയം കണ്ടതോടെ ചരിത്രം പിറന്നു.