ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു
Friday 25 July 2025 12:38 AM IST
പത്തനംതിട്ട : കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ നാട്ടുകാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. ഇന്നലെ രാത്രി പത്തിനാണ് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനിതകൾ ഉൾപ്പെടെ അഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞത്. രാത്രി 8 മണിയോടെ കാട്ടാനകൾ കുമ്പളത്താമൺ മണപ്പാട് രാമചന്ദ്രൻ നായരുടെ വീട്ടിലെത്തി. പറമ്പിൽ നിന്ന പ്ലാവിൽ നിന്ന് ചക്ക പറിച്ചെടുക്കുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തു. ഉടൻ തന്നെ വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഇവർ സ്ഥലത്ത് എത്താൻ താമസിച്ചു. തുടർന്നാണ് വൈകിയെത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാർ തടഞ്ഞത്.