മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് കരുത്താര്‍ജിക്കുന്നു; രണ്ടാം ദിനം ശക്തമായ നിലയില്‍

Thursday 24 July 2025 11:43 PM IST

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക് കുതിക്കുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ മറികടക്കാന്‍ എട്ട് വിക്കറ്റ് ശേഷിക്കെ 133 റണ്‍സ് കൂടി മതി ഇംഗ്ലണ്ടിന്. ഒലി പോപ്പ് (20*), ജോ റൂട്ട് (11*) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി അന്‍ഷുല്‍ കാംബോജ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ് (94), സാക് ക്രൗളി (84) എന്നിവര്‍ നല്‍കിയ തകര്‍പ്പന്‍ തുടക്കമാണ് ഇംഗ്ലണ്ടിനെ മികച്ച നിലയില്‍ എത്തിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 166 റണ്‍സ് അടിച്ചെടുത്തു. 13 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ക്രൗളിയുടെ ഇന്നിംഗ്‌സ്. ജഡേജയുടെ പന്തില്‍ സ്ലിപ്പില്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് വലങ്കയ്യന്‍ ബാറ്റര്‍ പുറത്തായത്. ടീം സ്‌കോര്‍ 197ല്‍ നില്‍ക്കെ സെഞ്ച്വറിക്ക് ആറ് റണ്‍സ് അകലെ ബെന്‍ ഡക്കറ്റ് കാംബോജിന് കന്നി അന്താരാഷ്ട്ര വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരലിന് ക്യാച്ച് നല്‍കിയായിരുന്നു മടക്കം.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 358 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ദിവസത്തെ സ്‌കോറായ നാലിന് 261 എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇന്ത്യക്ക് 97 റണ്‍സ് കൂടി നേടുന്നതിനിടെ ശേഷിച്ച ആറ് വിക്കറ്റുകളും നഷ്ടമായി. രണ്ടാം ദിനം ഇന്ത്യയെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെയുള്ള ബൗളിംഗ് പ്രകടനമാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ പുറത്തെടുത്തത്. റിഷഭ് പന്ത്, ഷാര്‍ദുല്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങളാണ് ഇന്ത്യയുടെ സ്‌കോര്‍ 350 കടത്തിയത്.

രവീന്ദ്ര ജഡേജ (20)യുടെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ദിനം ആദ്യം നഷ്ടമായത്. ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റ്. ഷാര്‍ദുല്‍ ഠാക്കൂര്‍ (41) റണ്‍സ് നേടിയത് ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണായകമായി. വാഷിംഗ്ടണ്‍ സുന്ദര്‍ (27) ഠാക്കൂര്‍ സഖ്യം ആറാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് പിരിഞ്ഞത്. ടീം സ്‌കോര്‍ 314ല്‍ നില്‍ക്കെ ഷാര്‍ദുല്‍ ഠാക്കൂര്‍ മടങ്ങിയതോടെയാണ് ഒടിഞ്ഞ കാല്‍പ്പാദവുമായി റിഷഭ് പന്ത് ബാറ്റിംഗിന് മടങ്ങിയെത്തിയത്.

ടീം സ്‌കോര്‍ 337ല്‍ നില്‍ക്കെ വാഷിംഗ്ടണ്‍ സുന്ദര്‍, അന്‍ഷുല്‍ കാംബോജ് (0) എന്നിവരെ മടക്കി ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിന് കരുത്ത് പകര്‍ന്നു. അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പന്തിനെ ആര്‍ച്ചറും മടക്കി. ജസ്പ്രീത് ബുംറ (4) റണ്‍സ് നേടി പത്താമനായി മടങ്ങിയപ്പോള്‍ മുഹമ്മദ് സിറാജ് അഞ്ച് റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്റ്റോക്സ് അഞ്ച് വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ ക്രിസ് വോക്സ്, ലിയാം ഡ്വാസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.