സി.പി.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
നാദാപുരം: സി.പി.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കല്ലാച്ചിയിൽ ഉജ്ജ്വല തുടക്കം. കല്ലാച്ചി വളയം റോഡിലെ ഓത്തിയിൽ കൺവൻഷൻ സെന്ററിൽ (എം. നാരായണൻ മാസ്റ്റർ നഗർ) മുതിർന്ന പ്രതിനിധി കെ.ജി. പങ്കജാക്ഷൻ പതാക ഉയർത്തിയതോടെയാണ് മൂന്നുദിവസത്തെ സമ്മേളനത്തിന് തുടക്കമായത്. സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം അഡ്വ.കെ.പ്രകാശ് ബാബു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കൺവീനർ രജീന്ദ്രൻ കപ്പള്ളി സ്വാഗതം പറഞ്ഞു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആർ. സത്യൻ രക്തസാക്ഷി പ്രമേയവും അജയ് ആവള അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി.കെ.രാജൻ രാഷ്ട്രീയ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ. കെ.ബാലൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ പി.സുരേഷ് ബാബു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മണ്ഡലം അടിസ്ഥാനത്തിൽ ഗ്രൂപ്പ് ചർച്ചയും തുടർന്ന് പൊതുചർച്ചയും നടന്നു. പ്രതിനിധി സമ്മേളനം ഇന്നും തുടരും. സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ, സംസ്ഥാന എക്‌സി. അംഗവും ഭക്ഷ്യമന്ത്രിയുമായ ജി.ആർ.അനിൽ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, സി.കെ.ശശിധരൻ, ടി.വി.ബാലൻ, സംസ്ഥാന എക്‌സി. അംഗം അഡ്വ. പി. വസന്തം തുടങ്ങിയവർ പ്രസംഗിച്ചു.
@ വി.എസിന് അഭിവാദ്യം
സി.പി.ഐ കോഴിക്കോട് ജില്ലാ സമ്മേളന പ്രതിനിധി സമ്മേളന ഉദ്ഘാടനത്തിൽ വി.എസിന് ആദരാഞ്ജലി. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വി. എസ്. എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു. അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണ് വരുത്തിയത്. വി.എസിന്റെ പോരാട്ടം കമ്മ്യണിസ്റ്റുകാർക്ക് ഊർജ്ജമായിരുന്നെന്നും പ്രകാശ് ബാബു. വി.എസിന്റെ വേർപാടുണ്ടായ സാഹചര്യത്തിൽ പതാക-കൊടിമരജാഥകളുടെ സംഗമ പരിപാടികളെല്ലാം മാറ്റിവെച്ചിരുന്നു.