കൃഷിയിടത്തിൽ വില്ലനായി ആഫ്രിക്കൻ ഒച്ചുകൾ

Friday 25 July 2025 12:02 AM IST
ഒച്ച്

കോഴിക്കോട്: കൃഷിയിടത്തിൽ വില്ലനായി ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിദ്ധ്യം. ഇതോടെ മലയോര കർഷകരുൾപ്പടെ കടുത്ത പ്രതിസന്ധിയിലായി. കാർഷിക വിളകൾ നശിപ്പിക്കുന്നതിന് പുറമെ ചെണ്ടുമല്ലി കൃഷിയ്ക്കും തിരിച്ചടിയാവുകയാണ്.പറമ്പുകളിൽ നിന്ന് ചുമരിലും വീടിനകത്തും എത്തുന്ന സ്ഥിതിയായതോടെ രാത്രി കിടന്നുറങ്ങാനും കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

കനത്ത മഴയ്ക്ക് പിന്നാലെയാണ് ഒച്ച്ശല്യം വ്യാപകമായത്. മൂന്ന് വർഷം മുമ്പാണ് മേഖലയിൽ ആഫ്രിക്കൻ ഒച്ചിനെ കണ്ടു തുടങ്ങിയത്. തുടക്കത്തിൽ ഇതിനെ ഉന്മൂലനം ചെയ്യാനു ള്ള നടപടികൾ അധികൃതർ എടുത്തില്ല. ഇതോടെ കഴിഞ്ഞ രണ്ട് വർഷമായി ഇവയുടെ ശല്യം രൂക്ഷമാണ്. മഴക്കാലമാകുമ്പോഴാണ് ഇവ പുറത്തേക്ക് വരുന്നത്. കഴിഞ്ഞ വർഷത്തേക്കൾ ഇക്കൊല്ലം കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു. കുരുമുളകിന്റെ അത്രയും വലുപ്പമുള്ള ഒച്ച് കുഞ്ഞുങ്ങൾ പച്ചില തിന്നു ദിവസങ്ങൾക്കകം വലിപ്പം വയ്ക്കും. മരങ്ങളിലും ഇവ വ്യാപിക്കുന്നുണ്ട്. ചെളിയും വെള്ളവും നിറഞ്ഞ വയലുകളിൽ നിന്നും മറ്റും എത്തുന്ന ഇവ വ്യാപക കൃഷിനാശവും വരുത്തുകയാണ്. സമീപത്തെ കടകളിലും ഇവ എത്തുന്നതായി വ്യാപാരികൾ പറയുന്നു. ഉപ്പും കുമ്മായവും ഉപയോഗിച്ചാണ് പ്രദേശവാസികൾ ഇതിനെ പ്രതിരോധിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ശല്യമുണ്ട്. ആലപ്പുഴ ജില്ലയുടെ പല ഭാഗങ്ങളിലും ശല്യം വർദ്ധിക്കുന്നുവെന്നാണ് വിവരം. ഇവയുടെ സ്രവങ്ങളിൽ കാണുന്ന പരാദവിര മനുഷ്യരിൽ ചെന്നാൽ മസ്തിഷ്‌ക ജ്വരത്തിനു കാരണമാകുമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.

  • സന്ധ്യയായാൽ ഒച്ച്മയം

ചേമ്പ്, ചേന, ഇഞ്ചി, വെണ്ട, ചീര, പയർ, വാഴ തുടങ്ങിയവയുടെ ഇലകൾ മുഴുവനായും ഒച്ചുകൾ തിന്നുതീർക്കുകയാണെന്ന് ഇവർ പറയുന്നു. കിലോ കണക്കിന് മുമ്മായവും പല വീടുകളിലും കരുതിവെച്ചിട്ടുണ്ട്. സന്ധ്യയോടെയാണ് ഇവ വ്യാപകമായി വീടുകളിലേക്ക് എത്തുന്നത്. വീടിന്റെ അകത്ത് ഉൾപ്പെടെ കയറുന്ന സ്ഥിതിയാണുള്ളത്. കവറുകളിലും ബക്കറ്റിലുമായി ഇവയെ ശേഖരിച്ച ശേഷം കുമ്മായവും ഉപ്പും ഇട്ട് നശിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് ഇവർ പറയുന്നു. അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും ഒരു നടപടിയുമില്ല. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് ആശങ്ക.

ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാനായി മാത്രം കിലോക്കണക്കിന് ഉപ്പ് വാങ്ങിവച്ചിരിക്കുകയാണ്.

-മല്ലിക കോട്ടൂളി, കോഴിക്കോട്