ദയാവധം, തെരുവുനായകളുടെ കണക്കെടുക്കുന്നു
കോർപ്പറേഷനിൽ ആദ്യ സർവേ നടന്നത് 2018ൽ
കോഴിക്കോട്: രോഗബാധയേറ്റതും പരിക്കേറ്റതുമായ തെരുവുനായകൾക്ക് ദയാവധമെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ തെരുവുനായകളുടെ കണക്കെടുപ്പുമായി കോഴിക്കോട് കോർപ്പറേഷൻ. രോഗം വന്നതും പരിക്കേറ്റതും അല്ലാത്തതുമായ മുഴുവൻ നായകളെയും സർവേ പരിധിയിൽ ഉൾപ്പെടുത്തും. അതിൽ നിന്ന് ദയാവധം അർഹിക്കുന്ന നായകളുടെ ലിസ്റ്റ് തയ്യാറാക്കും. കണക്കെടുപ്പിനായി ഒരുക്കങ്ങൾ തുടങ്ങിയതായി കോർപ്പറേഷൻ ആരോഗ്യവിഭാഗം വ്യക്തമാക്കി. ഏഴുവർഷം മുമ്പാണ് കോർപ്പറേഷനിൽ തെരുവുനായ സർവേ നടന്നത് . 2018 മാർച്ചിൽ നടന്ന സർവേ പ്രകാരം കോർപ്പറേഷൻ പരിധികളിലെ നായകളുടെ കണക്ക് 13,182. 2019ലാണ് എ.ബി.സി രൂപീകരിച്ച് നായകൾക്ക് വന്ധ്യംകരണം തുടങ്ങിയത്. അപ്പോഴേക്കും കണക്ക് ഇരട്ടിയായെന്ന് മൃഗസംരക്ഷണ വകുപ്പ്. 2019ന് ശേഷം വന്ധീകരിക്കപ്പെട്ട നായകൾ 14,200 വരും. അതിനിടെ നായകളുടെ എണ്ണം എത്രയോ മടങ്ങായി. നഗരം മുഴുവൻ നായകൾ വേട്ടയ്ക്കിറങ്ങുമ്പോൾ പുതിയ കണക്കെടുത്ത് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോവുകയെന്നത് വലിയ കടമ്പയാണ്. 2018ൽ പൂക്കോട് വെറ്ററിനറി കോളേജ് , വെറ്ററിനറി അസോസിയേഷൻ, റോട്ടറി ക്ലബ് എന്നിവരുടെ സഹായത്തോടെയാണ് കോർപ്പറേഷൻ സർവേ നടത്തിയത്. ഇത്തവണ സർക്കാർ മാനദണ്ഡങ്ങൾ പുറത്തുവന്നശേഷമാവും സർവേയ്ക്ക് തുടക്കമാവുകയെന്ന് കോർപ്പറേഷൻ വെറ്ററിനറി സർജൻ ഡോ.വി.എസ്.ശ്രീഷ്മ പറഞ്ഞു. നിലവിൽ കോർപ്പറേഷൻ പരിധിയിൽ പൂളക്കടവിലാണ് എ.ബി.സി സെന്ററുള്ളത്.
@ നായയെ പിടിക്കാൻ
ഉള്ളത് അഞ്ചുപേർ
തെരുവുനായ പിടിത്തത്തിന് 158 പേർക്കാണ് സംസ്ഥാനത്ത് പരിശീലനം നൽകി വരുന്നത്. ഒരുനായയെ പിടിച്ചാൽ 300രൂപ നൽകാനാണ് തീരുമാനം. നിലവിൽ കോഴിക്കോട് കോർപ്പറേഷനിൽ അഞ്ച് നായപിടിത്തക്കാരാണ് പ്രതിമാസം 19,000രൂപ. ഒരു നായയ്ക്ക് 300രൂപ കണക്കിൽ നൽകുകയാണെങ്കിൽ ഈ രംഗത്തേക്ക് കൂടുതൽപേർ വരുമെന്നും തെരുവ് നായ ശല്യത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
' സർക്കാർ നായകൾക്ക് ദയാവധത്തിന് അനുമതി നൽകിയെങ്കിലും അതിന്റെ ഉത്തരവ് ഇറങ്ങിയിട്ടില്ല. എല്ലാ കോർപ്പറേഷനിലും ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ കമ്മറ്റിയുണ്ടാക്കാൻ നിർദ്ദേശമുണ്ട്. അതുപ്രകാരം യോഗം ചെർന്ന് മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു.
ഡോ. എസ്. ജയശ്രി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, കോർപ്പറേഷൻ