പ്രശാന്തിനെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവ്

Friday 25 July 2025 12:00 AM IST

തിരുവനന്തപുരം: സസ്പെൻഷനിൽ കഴിയുന്ന കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിനെതിരെ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദ്ദേശവുമായി അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയെയാണ് അന്വേഷണം ഏൽപിച്ചിരിക്കുന്നത്.പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ആണ് പ്രസൻറിംഗ് ഓഫീസർ. അതേസമയം, ഐ.എ.എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്താൽ ആറുമാസത്തിനകം അന്വേഷണം നടത്തണമെന്നാണ് ചട്ടമെന്നും ഒൻപത് മാസത്തിന് ശേഷമുള്ള അന്വേഷണം ചട്ടവിരുദ്ധമാണെന്നും പ്രശാന്ത് പ്രതികരിച്ചു.

മുതിർന്ന ഐ.എ.എസ്.ഉദ്യോഗസ്ഥരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ അധിക്ഷേപിച്ചെന്നാരോപിച്ച് കഴിഞ്ഞ വർഷം നവംബർ 11നാണ് പ്രശാന്തിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മേയിൽ ചീഫ് സെക്രട്ടറി ഹിയറിംഗിന് വിളിച്ചെങ്കിലും ആരോപണങ്ങൾ പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ പ്രശാന്ത് തയ്യാറായില്ല. അതേതുടർന്ന് സസ്പെൻഷൻ വീണ്ടും നീട്ടി മെമ്മോയും നൽകി.ഇതിന് നൽകിയ മറുപടി തൃപ്തികരമല്ലെന്നും തനിക്കെതിരെയുള്ള കുറ്റങ്ങൾ പ്രശാന്ത് നിഷേധിക്കുന്നുവെന്നും അവയെ ന്യായീകരിക്കുന്നുവെന്നും അന്വേഷണ ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.