ദേശീയ പാത: ഭൂമി ഏറ്റെടുക്കലടക്കം തടസം, നിർമ്മാണം വൈകുന്നതിൽ വിശദീകരണവുമായി കേന്ദ്രം

Friday 25 July 2025 1:54 AM IST

ന്യൂഡൽഹി: ദേശീയ പാത 66ന്റെ നിർമ്മാണത്തിൽ ഭൂമി ഏറ്റെടുക്കലടക്കമുള്ള പ്രശ്നങ്ങളുണ്ടെന്ന് കേന്ദ്ര സർക്കാർ. കരാറുകാരുടെ സാമ്പത്തിക ബുദ്ധിമുട്ട്, അപ്രതീക്ഷിത സംഭവങ്ങൾ, നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം തുടങ്ങിയവയും നിർമ്മാണം വൈകാൻ കാരണാമായി. എന്നാൽ നിർമ്മാണത്തിൽ പുരോഗതിയുണ്ടെങ്കിലും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പി.വി. അബ്‌ദുൾ വഹാബ് എം.പിയെ രാജ്യസഭയിൽ അറിയിച്ചു. വിവിധ റീച്ചുകളുടെ നിർമ്മാണ പൂർത്തീകരണ തീയതി പുനഃനിശ്ചയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ പാത അതോറിട്ടി നിയോഗിച്ച വിദഗ്‌ദ്ധ സമിതി റിപ്പോർട്ടിൽ കൂരിയാടിന് പുറമെ ചെങ്കള-നീലേശ്വരം, അഴിയൂർ-വെങ്ങളം, തുറവൂർ-പറവൂർ, കൊല്ലം ബൈപാസ് കടമ്പാട്ടുകോണം, കാഞ്ഞങ്ങാട്, പാലോളി-മൂരാട്, തലപ്പാറ, ചാവക്കാട്, നീരാവിൽ, ആലത്തൂർ സ്വാതി ജംഗ്‌ഷൻ, കായംകുളം-ചാവറ പാലങ്ങളടക്കം 15 ഇടങ്ങളിൽ തകരാർ കണ്ടെത്തിയെന്ന് കെ.സി. വേണുഗോപാൽ എം.പിക്ക് മന്ത്രി നൽകിയ മറുപടിയിലുണ്ട്.

 സോയിൽ നെയ്‌ലിംഗിൽ പരാജയപ്പെട്ടെന്ന് കരാറുകാർ

ദേശീയ പാതയിൽ കുന്നിടിച്ച സ്ഥലങ്ങളിൽ നടത്തിയ സോയിൽ നെയ്‌ലിംഗ് സാങ്കേതികവിദ്യ പരാജയപ്പെട്ടെന്ന് പ്രധാന കരാറു നേടിയ അദാനി കമ്പനി സമ്മതിച്ചു. മണ്ണിടിയാതിരിക്കാൻ ആണി തറയ്‌ക്കുന്ന രീതിയാണിത്. ഇവിടങ്ങളിൽ ബഫർ സോണായി അധിക ഭൂമി ഏറ്റെടുക്കണമെന്നും കരാറുകാർ അറിയിച്ചു. കോഴിക്കോട്ടെ വിവിധ ഇടങ്ങളിൽ സോയിൽ നെയ്‌ലിംഗ് തകർന്നത് ഷാഫി പറമ്പിൽ എം.പി ഗഡ്‌കരിയെ ധരിപ്പിച്ചിരുന്നു. കരാർ നേടിയ അദാനി കമ്പനിയുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്‌ച. ഉപകരാർ ലഭിച്ച വഗാട് നിർമ്മാണ കമ്പനിയുടെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടെന്ന് എം.പി ചൂണ്ടിക്കാട്ടി. സമയക്രമം പാലിച്ചില്ലെങ്കിൽ കരാർ റദ്ദാക്കുമെന്ന് മന്ത്രി കരാറുകാരോട് പറഞ്ഞു.

റീച്ചുകളുടെ നിർമ്മാണ പുരോഗതി, പൂർത്തിയാകുന്ന സമയം

 തളപ്പടി-ചെങ്ങള, വളാഞ്ചേരി-കാപ്പിരിക്കാട് റീച്ച്- 98% (ഉടൻ പൂർത്തിയാകും)

 തൂരവൂർ തെക്ക് - പറവൂർ- 45% (2026 മേയ് 31)

 അഴിയൂർ-വെങ്ങളം - 58% (2026 മേയ് 31)