വി.എസിന് ആദരമർപ്പിച്ച് മന്ത്രിസഭായോഗം

Friday 25 July 2025 12:00 AM IST

തിരുവനന്തപുരം:കഴിഞ്ഞ ദിവസം അനതരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്.അച്യുതാനന്ദന് ആദരമർപ്പിച്ച് സംസ്ഥാന മന്ത്രിസഭ.

ചീഫ് സെക്രട്ടറിയാണ് പ്രമേയം അവതരിപ്പിച്ചത്.ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം ചേർന്നത്.

ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു വി.എസ് .

അച്യുതാനന്ദനെന്ന് ചീഫ് സെക്രട്ടറി അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.ദേശീയ സ്വാതന്ത്ര്യ സമരഘട്ടത്തെ വർത്തമാനകാല രാഷ്ട്രീയവുമായി ഇണക്കി നിറുത്തിയ മൂല്യവത്തായ രാഷ്ട്രീയ സാന്നിദ്ധ്യമാണ് അസ്തമിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും രാജഭരണത്തിനും നാടുവാഴിത്തത്തിനും ജന്മിത്വ ഭൂപ്രഭുത്വ ജാതി മേധാവിത്വ അധികാര ശക്തികൾക്കുമെതിരായ പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന ആ ജീവിതം പിൽക്കാലത്ത് അമിതാധികാര സ്വേഛാധിപത്യ വാഴ്ചയ്ക്കും വർഗീയ ഛിദ്രീകരണ ശക്തികൾക്കുമെതിരായ പോരാട്ടത്തിന്റെ തലത്തിലേക്കുയർന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ ഒരു നൂറ്റാണ്ടിലധികം നീണ്ട ജീവിതം ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ ബന്ധപ്പെട്ടു നിൽക്കുന്നു.

നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലും

മുഖ്യമന്ത്രിയെന്ന നിലയിലും വി.എസ് നൽകിയ സംഭാവനകൾ മറക്കാനാവാത്തതാണ്. 2016 മുതൽ 2021വരെ കേരള ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായും പ്രവർത്തിച്ചു.

മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ നിരവധി ഭരണനടപടികളിലൂടെ കേരളത്തെ മുന്നോട്ടു നയിച്ചു.പ്രതിപക്ഷ നേതാവെന്ന നിലയിൽ നിരവധി ജനകീയ പ്രശ്നങ്ങൾ സഭയിൽ

ഉന്നയിച്ചെന്നും മന്ത്രിസഭ വിലയിരുത്തി.