കനത്ത മഴ : കർഷകർക്ക് ആശങ്ക
പത്തനംതിട്ട : മഴ കനത്തതോടെ കർഷകരുടെ കാര്യം കഷ്ടത്തിലാകുമെന്ന് ആശങ്ക. ഓണവിപണി ലക്ഷ്യമിട്ട പച്ചക്കറികൃഷി പലതും വെള്ളത്തിലായേക്കും. അടുത്ത ദിവസങ്ങളിൽ വെയിൽ കിട്ടിയില്ലെങ്കിൽ മുളച്ചുപൊങ്ങിയതെല്ലാം അഴുകിപ്പോകാനിടയുണ്ട്. വിത്തുപാകി തൈ വന്ന തടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നു. കണ്ടങ്ങളിൽ പണ കെട്ടിയാണ് പലരും കൃഷി ആരംഭിച്ചത്. ബന്ദിപ്പൂവ് കൃഷിയുമുണ്ട്. പണയുടെ ഇടത്തോടുകളിൽ വെള്ളം നിറഞ്ഞനിലയിലാണ്. തടങ്ങളിൽ നിന്ന് വെള്ളം ഒഴുകിപ്പോകാൻ ഇടമില്ല. നല്ല വെയിലുകിട്ടി വെള്ളം വലിഞ്ഞാൽ മാത്രമേ പ്രതീക്ഷയുള്ളൂവെന്ന് കർഷകർ പറയുന്നു. വെണ്ട, വഴുതന, പടവലം, പാവൽ, വെള്ളരി, പയർ തുടങ്ങിയവയാണ് ഓണം വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്യുന്നത്.
കാട്ടുപന്നികൾ കുത്തിമറിക്കാതെ കൃഷി ഒരുവിധം സംരക്ഷിച്ചു പോരുന്നതിനിടെയാണ് മഴ തിരിച്ചടിയാകുന്നത്.
ഇടത്തിട്ട വെട്ടിക്കുളം സ്വദേശി മല്ലിക ഓണം വിപണി ലക്ഷ്യമാക്കി എല്ലാവർഷവും കൃഷി ചെയ്യുന്നതാണ്. സ്വന്തം സ്ഥലത്തെ ഇരുപത്തിയഞ്ച് സെന്റിൽ പച്ചക്കറിയും ബന്ദിപ്പൂവും കൃഷി ചെയ്യുന്നു. പാവൽ, പടവലം, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, വഴുതന എന്നിവയാണ് കൃഷി ചെയ്യുന്നത്.
മികച്ച കർഷകനുള്ള ആറൻമുള പഞ്ചായത്തിന്റെയും സന്നദ്ധ സംഘടനകളുടെയും അവാർഡുകൾ നേടിയിട്ടുള്ള വല്ലന സ്വദേശി പി.സി രാജൻ ഇത്തവണ കൃഷി ചെയ്തില്ല. കഴിഞ്ഞ വർഷം എണ്ണൂറ് മൂട് കപ്പ കാട്ടുപന്നികൾ മറിച്ചു. ലക്ഷങ്ങൾ ചെലവിട്ടാണ് കൃഷി ചെയ്തത്. നൂറ് മൂട് വാഴയും പന്നി മറിച്ചു.
ഒരു മുറം പച്ചക്കറി
ജില്ലയിൽ കൂടുതലായി കൃഷി ചെയ്യുന്നത് പന്തളം തെക്കേകര, വള്ളിക്കോട്, പ്രമാടം, കുറ്റൂർ പഞ്ചായത്തുകളിലാണ് . പച്ചക്കറി ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, സുരക്ഷിത പച്ചക്കറി ഉല്പാദനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഒരു മുറം പച്ചക്കറിയുടെ ലക്ഷ്യങ്ങൾ. വിഷരഹിതമായ പച്ചക്കറികൾ ഉല്പാദിപ്പിച്ച് കർഷകരെ സ്വയം പര്യാപ്തമാക്കാൻ ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ജില്ലയിൽ ആകെ കൃഷി : 500 ഹെക്ടർ
അത്യുൽപാദന ശേഷിയുള്ള വിത്തുകൾ : 5000
സീഡ് വിത്ത് : 50000
തൈകൾ : ആറ് ലക്ഷം
വലിയ പ്രതീക്ഷയോടെയാണ് കൃഷി തുടങ്ങിയത്. മഴ ഇങ്ങനെ തുടർന്നാൽ ഓണത്തിന് വിളവെടുപ്പ് മോശമാകും.
മല്ലിക, ഇടത്തിട്ട.