അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു, ആവണിപ്പാറ ഒറ്റപ്പെട്ടു

Friday 25 July 2025 12:02 AM IST

കോന്നി : ശക്തമായ മഴയെത്തുടർന്ന് അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ വനാന്തരത്തിലെ ആവണിപ്പാറ പട്ടികവർഗ കോളനിയിലെ 35 കുടുംബങ്ങൾ ഒറ്റപ്പെട്ടു. പാലം ഇല്ലാത്തതിനാൽ ആറ്റിൽ ജലനിരപ്പ് ഉയർന്നാൽ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയില്ല. റേഷൻ സാധനങ്ങൾ ഉൾപ്പെടെ വാങ്ങിക്കാൻ നദി മുറിച്ചുക്കടന്ന് കോളനിക്ക് പുറത്ത് എത്തണം. മുൻപ് ഇവിടെ ഉണ്ടായിരുന്ന കടത്തുവള്ളം നശിച്ചുപോയതിനെ തുടർന്ന് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് 2024 ൽ പ്രത്യേക പദ്ധതി പ്രകാരം പുതിയ വള്ളം നൽകിയിരുന്നു. നദിയിൽ ജലനിരപ്പ് ഉയർന്നതോടെ വള്ളം ഇറക്കാനാകില്ല.

പാലത്തിനായി കാത്തിരിപ്പ്

ആവണിപ്പാറയിൽ പാലത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. പുതിയ പാലത്തിന് സർക്കാർ പദ്ധതി തയ്യാറാക്കിയിരുന്നു. പി.ഡബ്ല്യു.ഡി വിഭാഗത്തിനാണ് നിർമ്മാണ ചുമതല. 2.5 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. ജില്ലാ ട്രൈബൽ ഡിപ്പാർട്ട്മെന്റ് എസ്റ്റിമേറ്റ് വിവരങ്ങൾ സംസ്ഥാനാതലത്തിൽ സമർപ്പിച്ചിട്ടുണ്ട്. അരുവാപ്പുലത്ത് നിന്ന് 25 കിലോമീറ്റർ അകലെയുള്ള വനത്താൽ ചുറ്റപ്പെട്ട ആവണിപ്പാറയിൽ 35 കുടുംബങ്ങളിലായി 114 പേർ താമസിക്കുന്നു.