ഇന്ത്യൻ ഫുട്ബാളിൽ ഖാലിദിന്റെ കാലം വരുമോ?
പുതിയ ഇന്ത്യൻ കോച്ചായി ഖാലിദ് ജമീലിനെ ശുപാർശ ചെയ്ത് ടെക്നിക്കൽ കമ്മറ്റി
ന്യൂഡൽഹി : മനോളോ മാർക്വേസിന് പകരം ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകരുടെ മൂന്നംഗ പട്ടികയിലെ ഫസ്റ്റ് ചോയ്സായി മുൻ ഇന്ത്യൻ താരവും ഐ.എസ്.എൽ ക്ളബ് ജംഷഡ്പുർ എഫ്.സിയുടെ കോച്ചുമായ ഖാലിദ് ജമീലിനെ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ടെക്നിക്കൽ കമ്മറ്റി ശുപാർശ ചെയ്തു. മലയാളി താരം ഐ.എം വിജയനാണ് ടെക്നിക്കൽ കമ്മറ്റി അദ്ധ്യക്ഷൻ. ഇഗ്ളണ്ടുകാരനായ മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സൊവാക്യ, കിർഗിസ്ഥാൻ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള സ്റ്റെഫാൻ ടർക്കോവിച്ച് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ. ഇനി എ.ഐ.എഫ്.എഫിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത്.
ഖാലിദ് ജമീൽ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 2005ൽ സുഖ്‌വീന്ദർ സിംഗിന് ശേഷം ഇന്ത്യൻ കോച്ചാകുന്ന ആദ്യ ഇന്ത്യക്കാരനാകും. മദ്യക്കമ്പനികൾ സ്പോൺസർ ചെയ്യുന്ന ടീമുകളായതിനാൽ ഈസ്റ്റ് ബംഗാളിന്റേയും മോഹൻ ബഗാന്റേയും ഓഫറുകൾ നിരസിച്ച് മഹീന്ദ്ര യുണൈറ്റഡിനും എയർ ഇന്ത്യയ്ക്കും വേണ്ടി കളിച്ച ഖാലിദ് പരിക്കിനെത്തുടർന്ന് 2009ൽ കളിനിറുത്തി കോച്ചിംഗിലേക്ക് തിരിയുകയായിരുന്നു. തുടർന്ന് ബഗാന്റേയും ഈസ്റ്റ് ബംഗാളിന്റേയും കോച്ചായി. 2017ൽ മിസോറാമിൽ നിന്നുള്ള ഐസ്വാൾ എഫ്.സിയെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ മായാജാലം ഐ.എസ്.എല്ലിലേക്ക് വഴിതുറന്നു. 2020-21 സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലെത്തിയപ്പോൾ ഒരു ഐ.എസ്.എൽ ക്ളബിന്റെ സ്ഥിരം മുഖ്യ കോച്ചാകുന്ന ആദ്യ ഇന്ത്യക്കാരനായും മാറി. 2023മുതൽ ജംഷഡ്പൂരിന്റെ കോച്ചാണ്.
1998നും 2006നും ഇടയിൽ ഇന്ത്യയ്ക്ക് വേണ്ടി 40 മത്സരങ്ങളിൽ മിഡ്ഫീൽഡറായി ബൂട്ടുകെട്ടിയ ഖാലിദ് ജമീൽ നാലുഗോളുകളും നേടിയിട്ടുണ്ട്.
രണ്ട് തവണയായി ഇന്ത്യയെ 73 മത്സരങ്ങളിൽ പരിശീലിപ്പിച്ചിട്ടുള്ള സ്റ്റീഫൻ കോൺസ്റ്റന്റൈനും ടെക്നിക്കൽ കമ്മറ്റി യോഗത്തിൽ പിന്തുണ ലഭിച്ചിരുന്നു.കോൺസ്റ്റന്റൈൻ 2022 -23 സീസണിൽ ഇന്ത്യൻ ക്ളബ് ഇൗസ്റ്റ് ബംഗാളിന്റെ കോച്ചായിരുന്നു. 2015 മുതൽ 2018വരെ കോൺസ്റ്റന്റൈനിന്റെ രണ്ടാം കാലഘട്ടത്തിൽ ഇന്ത്യ ഫിഫ റാങ്കിംഗിൽ 173-ാം സ്ഥാനത്തുനിന്ന് 97-ാം സ്ഥാനത്തുവരെ എത്തിയിരുന്നു.
170
പേരാണ് ഇന്ത്യൻ കോച്ചാകാൻ അപേക്ഷിച്ചത്. കഴിഞ്ഞ വർഷം 291 പേർ ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചിരുന്നു. 20 പേരായി ചുരുക്കിയ പട്ടികയാണ് ടെക്നിക്കൽ കമ്മറ്റിക്ക് മുന്നിലെത്തിയത്. ലിവർപൂളിന്റെ മുൻ താരങ്ങളായ റോബീ ഫൗളർ, ഹാരി കെവൽ, ബ്രസീൽ അണ്ടർ 17-ടീമിന്റെ മുൻ പരിശീലകൻ കായ്‌യോ സാനാദീ, ബാഴ്സലോണ റിസർവ് ടീമിന്റെ മുൻ കോച്ച് ജോർഡി വിനയൽസ് തുടങ്ങിയവർ അപേക്ഷിച്ചവരിൽപ്പെടുന്നു.