ശബരിമല ട്രാക്ടർ യാത്ര: എ.ഡി.ജി.പിക്കെതിരെ നടപടി വേണം; ഡി.ജി.പി

Friday 25 July 2025 12:06 AM IST

തിരുവനന്തപുരം:ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്രയിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട്.

ദേഹാസ്വാസ്ഥ്യമായിരുന്നുവെന്ന അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡി.ജി.പി റവാഡ ചന്ദ്രശേഖരന്റെ റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ഡി.ജി.പി സർക്കാരിന് നൽകിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചതിന് ശേഷമാവും മറ്റ് നടപടികൾ. സംഭവത്തിൽ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും ഉചിതമെന്നും ഡി.ജി.പിയുടെ റിപ്പോർട്ടിലുണ്ട്.എ.ഡി.ജി.പിയുടെ ചട്ടവിരുദ്ധ ട്രാക്ടർ യാത്രയിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ, ട്രാക്ടർ ഓടിച്ച ഡ്രൈവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.ഹൈക്കോടതി നിർദ്ദേശം മറി കടന്ന്, ചരക്കു നീക്കത്തിന് മാത്രം ഉപയോഗിക്കുന്ന ട്രാക്ടറിൽ 12ന് വൈകിട്ടാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ കയറ്റി സന്നിധാനത്തേക്ക് പോയത്. 13ന് അതേ ട്രാക്ടറിൽ തിരികെ പമ്പയിലെത്തിച്ചു.