പഹൽഗാം, വീരർകാവ് പിന്നാലെ വീരമലക്കുന്ന്: സിന്ധു ടീച്ചറുടേത് രക്ഷപ്പെടലിന്റെ തുടർക്കഥ

Friday 25 July 2025 12:09 AM IST

കാസർകോട്: ദേശീയപാത 66ൽ കഴിഞ്ഞദിവസം ഇടിഞ്ഞ വീരമലക്കുന്നിൽ നിന്ന് രക്ഷപ്പെട്ട കെ. സിന്ധു ടീച്ചർക്ക് പഹൽഗാം ഭീകരാക്രമണത്തിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്‌ക്ക്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് വെടിക്കെട്ടപകടത്തിൽ നിന്ന് സിന്ധു രക്ഷപ്പെട്ടതാകട്ടെ ഒരു മിനിറ്റ് വ്യത്യാസത്തിലും. ഇത് തന്റെ മൂന്നാം ജന്മമെന്ന് പറയുന്ന സിന്ധു എല്ലാം ദൈവ ഭാഗ്യമാണെന്നാണ് കരുതുന്നത്.

പടന്നക്കാട് എസ്.എൻ ടി.ടി.ഐയിലെ അദ്ധ്യാപികയായ സിന്ധു കുടുംബവുമൊപ്പം കഴിഞ്ഞ ഏപ്രിൽ 20നാണ് പഹൽഗാമിലെ ബൈസൺവാലി ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയത്. തുടർന്ന് 21ന് മടങ്ങി. 22ന് ഇവർ വീട്ടിലെത്തിയതിന് പിന്നാലെയാണ് ഭീകരാക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം വീരമലക്കുന്നിടിഞ്ഞതിനെ തുടർന്ന് കാറിൽ കുടുങ്ങിയ സിന്ധുവിനെ നാട്ടുകാരാണ് രക്ഷിച്ചത്.

 ഒരുമിനിട്ടിൽ തിരിച്ചുകിട്ടിയ ജീവൻ

ഒരു മിനിട്ട് മുൻപ് സ്ഥലം മാറിയിരുന്നത് കൊണ്ടാണ് 2024 നവംബറിൽ ആറു പേർ മരിച്ച നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ നിന്ന് സിന്ധുവും ഭർത്താവ് ഹരീഷും രക്ഷപ്പെട്ടത്. രാത്രി 12ന് മൂവാളംകുഴി ചാമുണ്ഡി തെയ്യം പുറപ്പെടുമ്പോൾ വെടിക്കെട്ട് ദുരന്തമുണ്ടായ തെക്കുഭാഗത്തുള്ള കമ്പപ്പുരയുടെ അടുത്തായിരുന്നു ഇരുവരും നിന്നത്. ഫോൺ വന്നതിനെ തുടർന്ന് ഹരീഷ് പുറത്തേക്ക് പോയപ്പോൾ സിന്ധു പടിപ്പുര ഭാഗത്തേക്ക് മാറി. പിന്നാലെയാണ് പടക്കശേഖരത്തിന് തീപിടിച്ചത്. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ കെ.സിന്ധു വിവാഹത്തിന് ശേഷമാണ് കാഞ്ഞങ്ങാട് ദുർഗ ഹൈസ്‌കൂളിന് സമീപം വീടെടുത്ത് താമസം മാറിയത്. നീലേശ്വരം മാർക്കറ്റ് ജംഗ്‌ഷനിലാണ് ഭർത്താവ് ഹരീഷിന്റെ വീട്.