വയനാടും ഇടുക്കിയിലും ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിക്കും

Friday 25 July 2025 12:15 AM IST

തിരുവനന്തപുരം: ഇടുക്കിയിലും വയനാട്ടിലും സ്ഥിരം ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതേ പേരിൽ പുതിയ തസ്തിക സൃഷ്ടിക്കും. ഈ ജില്ലകളിലെ റവന്യൂ ഭരണത്തിലെ ഓരോ ഓഫീസ് അറ്റൻഡന്റ് തസ്തികയും ടൈപ്പിസ്റ്റ് തസ്തികയും നിർത്തലാക്കിയാണ് ഡെപ്യൂട്ടി കളക്ടർ തസ്തിക സൃഷ്ടിക്കുക.

ഇടുക്കിയിൽ 5, വയനാട്ടിൽ 3 താലൂക്കുകളാണുള്ളത്. മലകളും ചരിവുകളും നിറഞ്ഞ ഭൂമിശാസ്ത്രപരമായ പ്രത്യേകത കൊണ്ട് തന്നെ ഇവിടങ്ങളിലെ ദുരന്തസാദ്ധ്യതാ മേൽനോട്ടത്തിന് സ്ഥിരം ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യമുണ്ടായത്.

സംസ്ഥാനത്ത് തീവ്ര ദുരന്തനിവാരണ സാദ്ധ്യതയുള്ള 6ജില്ലകളാണുള്ളത്. ഇവിടങ്ങളിൽ ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിക്കണമെന്ന് ദേശീയ ദുരന്തനിവാരണസമിതിയുടെ ശുപാർശയുണ്ട് .എന്നാൽ ഒരു ജില്ലയിലും തസ്തിക സൃഷ്ടിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ജൂലായ് 30ന് മുണ്ടകൈയിലും ചൂരൽമലയിലും ദുരന്തമുണ്ടായപ്പോൾ ഈ ആവശ്യം ശക്തമായി. മുന്നറിയിപ്പ് അടക്കമുള്ള കാര്യങ്ങളും ദുരന്ത ബാധിത മേഖലകളിലെ ദുരിതാശ്വാസ നടപടികളും ഏകോപിപ്പിക്കുക എന്നതാണ് ഈ തസ്തികയിലുള്ള ഡെപ്യൂട്ടി കളക്ടർമാരുടെ പ്രധാന ചുമതല. പാലക്കാട്,കാസർകോട്,കോട്ടയം,കൊല്ലം ജില്ലകളാണ് ദുരന്തസാദ്ധ്യതയുള്ള മറ്റ് ജില്ലകൾ, ഇവിടങ്ങളിലും ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ തസ്തിക ഇല്ല.