7 മാസത്തിന് ശേഷം നഴ്സിംഗ് കൗൺസിൽ യോഗം ഇന്ന്
□ഭരണ പ്രതിസന്ധി ഒഴിയുന്നു
തിരുവനന്തപുരം : കേരള നഴ്സിംഗ് കൗൺസിൽ യോഗം ഏഴു മാസത്തിന് ശേഷം ഇന്ന് നടക്കും. പുതിയ കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്ത ശേഷമുള്ള ആദ്യത്തെ
യോഗത്തിൽ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കും.
കൗൺസിൽ യോഗം ചേരാത്തതിനാൽ നഴ്സുമാർക്ക് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള അവശ്യസേവനങ്ങൾ ലഭ്യമാകാത്ത സ്ഥിതിയായിരുന്നു. ഡിസംബറിലാണ് അവസാനമായി ചേർന്നത്. തുടർന്ന് തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്നു. ഈ മാസം അഞ്ചിനാണ് വോട്ടെണ്ണൽ നടന്നത്. ഇടതുപക്ഷത്തിന്റെ പ്രോഗ്രസീവ് നഴ്സസ് ഫോറം ഒന്നടങ്കം വിജയച്ചു. ഒമ്പതംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. ഇതിൽ നിന്ന് പ്രസിഡന്റായി തിരുവനന്തപുരം ഗവ. നഴ്സിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ എസ്.എ.അനീസയെ സർക്കാർ നിയോഗിച്ചു. സർക്കാർ പ്രതിനിധികളായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് ടി.സുബ്രമണ്യൻ, തൊടുപുഴ താലൂക്കാശുപത്രിയിലെ ഹെൽത്ത് വിസിറ്റർ എം.എം.റംസീന എന്നിവരെയും സർക്കാർ നാമനിർദേശം ചെയ്തു. ഇന്ന് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതോടെ കൗൺസിലിന്റെ പ്രവർത്തനം സുഗമമാകും.
കഴിഞ്ഞ സെപ്തംബർ 24നാണ് മുൻ ഭരണ സമിതിയുടെ അഞ്ചു വർഷ കാലാവധി പൂർത്തിയായത്. ആരോഗ്യ വകുപ്പ് ഡയറക്ടറെ എക്സ് ഒഫീഷ്യോ പ്രസിഡന്റായി നിയോഗിച്ചെങ്കിലും മുൻ ഭരണസമിതിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം കൃത്യമായി യോഗം വിളിച്ചിരുന്നില്ല.
തിരഞ്ഞെടുപ്പ്
എതിരെ കേസ്
കൗൺസിൽ തിരഞ്ഞെടുപ്പിൽ 64,000 ബാലറ്റുകൾ കള്ളവോട്ടാണെന്ന് പറഞ്ഞ മാറ്റിയ ശേഷം ഇടതുപക്ഷ പാനലിനെ ഒന്നടങ്കം വിജയിച്ചതായി പ്രഖ്യാപിച്ചതിനെതിരെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) കോടതിയെ സമീപിച്ചു. തിഞ്ഞെടുപ്പ് അസാധുവാക്കണമെന്നാണ് യ ആവശ്യം. കേസ് 28ന് കോടതി പരിഗണിക്കും.