ആശങ്കയൊഴിഞ്ഞു, തൊട്ടുപിന്നാലെ 1000 രൂപ കുറഞ്ഞു; ഇത് വരാനിരിക്കുന്നതിന്റെ സൂചനയോ

Friday 25 July 2025 12:22 AM IST

പവന്‍വില ആയിരം രൂപ ഇടിഞ്ഞു

കൊച്ചി: റെക്കാഡ് ഉയരത്തില്‍ നിന്ന് മൂക്കുകുത്തി വീണ് സ്വര്‍ണവില. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് പവന്‍ വിലയില്‍ 1,000 രൂപയാണ് ഒറ്റദിവസം കുറഞ്ഞത്. 74,040 രൂപയാണ് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 125 രൂപ കുറഞ്ഞ് 9,255 രൂപയായി. ഇന്നലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് (28.35 ഗ്രാം) 70 ഡോളര്‍ കുറഞ്ഞ് 3,360 ഡോളറിലെത്തിയിരുന്നു. ഇതോടെ ന്യൂഡല്‍ഹി മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ 24 കാരറ്റ് സ്വര്‍ണത്തിന് കിലോഗ്രാമിന് വില 99,200 രൂപയായി താഴ്ന്നു. അതേസമയം, വിപണിയില്‍ തിരുത്തലുകള്‍ ഉണ്ടാകാത്തതിനാല്‍ വരുംദിനങ്ങളില്‍ സ്വര്‍ണവിപണിയില്‍ ലാഭമെടുപ്പിന് സാദ്ധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയും യു.കെയും സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പുവച്ചത് വരുംദിനങ്ങളില്‍ സ്വര്‍ണവിലയെ ബാധിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍.

തീരുവ ആശങ്കയൊഴിഞ്ഞു

ജപ്പാന്‍, ഫിലിപ്പിന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി അമേരിക്ക സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചതോടെ തീരുവ യുദ്ധ ഭീഷണി ഒഴിയുന്നുവെന്ന വിലയിരുത്തലാണ് സ്വര്‍ണവില ഇടിയാനിടയാക്കിയത്. ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ദുര്‍ബലമാകുന്നതും സ്വര്‍ണത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.

അമേരിക്കന്‍ ഡോളറിനെതിരെ രൂപ കരുത്ത് നേടി

ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങള്‍ ഒഴിഞ്ഞു

നിക്ഷേപകര്‍ വീണ്ടും ഓഹരി വിപണിയിലേക്ക് പണം മാറ്റുന്നു

അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ നിരക്ക് ഈ വര്‍ഷം തന്നെ കുറച്ചേക്കുമെന്ന വിവരവും സ്വര്‍ണനിക്ഷേപത്തില്‍ ഇടിവുണ്ടാക്കുന്നു