ഡൽഹി സർവകലാശാലയിലെ ഇഷ്‌ട വിഷയങ്ങളിൽ മുന്നിൽ സുവോളജിയും

Friday 25 July 2025 12:28 AM IST

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷിച്ച ബിരുദ കോഴ്‌സുകളിൽ മൂന്നാം സ്ഥാനത്തെത്തി സുവോളജി. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ബി.കോമും ബി.എ പൊളിറ്റിക്കൽ സയൻസുമാണ്. ആദ്യമായാണ് സുവോളജി ആദ്യ മൂന്നിലെത്തുന്നത്.

കഴിഞ്ഞദിവസം ഡൽഹി സർവകലാശാല പ്രസിദ്ധീകരിച്ച ബിരുദ പ്രവേശനത്തിനുള്ള കട്ട് ഓഫ് ലിസ്റ്റിൽ 48,336 വിദ്യാർത്ഥികൾ ആദ്യ പ്രിഫറൻസായി ബി.കോമും 15,295 പേർ ബി.എ പൊളിറ്റിക്കൽ സയൻസും നൽകി. സുവോളജി ആദ്യ പ്രിഫറൻസായി നൽകിയത് 12,722 വിദ്യാർത്ഥികളാണ്. കഴിഞ്ഞവർഷവും ബി.കോം തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. ബി.എ ഇംഗ്ലീഷും ബി.എ പൊളിറ്റിക്കൽ സയൻസുമായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ലൈഫ് സയൻസ്, ഗവേഷണം, പരിസ്ഥിതി മേഖലകളിലുള്ള താത്പര്യമാണ് സുവോളജി തിരഞ്ഞെടുക്കുന്നതിന് പിന്നിൽ. കൊവിഡ് മഹാമാരി ലൈഫ് സയൻസിൽ താത്പര്യം വളർത്തുന്നതിൽ നിർണായകമായതായി ഡൽഹി സർവകലാശാല സുവോളജി വിഭാഗം മേധാവി പ്രൊഫ. റിത സിംഗ് പറഞ്ഞു.

ഡൽഹി സർവകലാശാലയിൽ 69 കോളേജുകളിലായി 79 ബിരുദ കോഴ്‌സുകൾക്ക് 71,624 സീറ്റുകളാണുള്ളത്.

ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്നത് ശ്രീ റാം കോളേജ് ഒഫ് കൊമേഴ്‌സ് ആണ്. ഹിന്ദു കോളേജ്, ഹൻസ്‌രാജ് കോളേജ്, സെന്റ് സ്റ്റീഫൻസ് കോളേജ്, മിറാൻഡ കോളേജ് എന്നിവയാണ് തൊട്ടുപിന്നിൽ.

സുവോളജിയോ‌ടുള്ള ഇഷ്ടത്തിനു പിന്നിൽ

 ശാസ്ത്രത്തിൽ താത്പര്യമുള്ളവർക്ക് മെഡിസിനും എൻജിനിയറിംഗുമല്ലാത്ത കരിയർ

ആഗോള ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം തുടങ്ങിയവയിലുള്ള അവബോധം

രോഗപ്രതിരോധം, വാക്‌സിനേഷൻ എന്നിവയുടെ അടിസ്ഥാനം

ഡയഗ്നോസ്റ്റിക് സ്റ്റാർട്ടപ്പുകളും ബയോടെക്‌നോളജി സ്ഥാപനങ്ങളും തുടങ്ങാൻ