പുണ്യമായി ബലിതർപ്പണം; തീർത്ഥഘട്ടങ്ങളിൽ തിരക്ക്

Friday 25 July 2025 12:52 AM IST

കൊല്ലം: പിതൃക്കളെ സ്മരിച്ച് ഇന്നലെ ആയിരങ്ങൾ കർക്കടക വാവുബലി തർപ്പണം നടത്തി. എല്ലായിടത്തും പുലർച്ചെ മുതൽ വൻ തിരക്ക് അനുഭവപ്പെട്ടു. മുണ്ടയ്ക്കൽ പാപനാശനം സ്‌നാനഘട്ടം, തിരുമുല്ലവാരം കടപ്പുറം, അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രക്കടവ്, പരവൂർ പൊഴിക്കര, പനംമൂട് കുടുംബ മഹാദേവ ക്ഷേത്രം, വെളിനല്ലൂർ മേജർ ശ്രീരാമസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ പതിനായിരങ്ങളാണ് പിതൃതർപ്പണത്തിന് എത്തിയത്.

മുണ്ടയ്ക്കൽ പാപനാശനം തീരത്ത് മുണ്ടയ്ക്കൽ ശ്രീനാരായണ ഗുരുദേവ മന്ദിരം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടന്നത്. മയ്യനാട് താന്നി സ്വർഗപുരം ദേവീക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ താന്നി കടപ്പുറത്ത് ബലിതർപ്പണം നടന്നു. പട്ടംതുരുത്ത് 523-ാം നമ്പർ എസ്.എൻ.ഡി.പി യോഗം ശ്രീകൃഷ്ണ-നരസിംഹസ്വാമി ക്ഷേത്രത്തിൽ രാവിലെ 4 മുതൽ ബലിതർപ്പണം ആരംഭിച്ചു.

കാട്ടിൽമേക്കതിൽ ദേവീക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുലർച്ചെ 2 മുതൽ ശ്രീഭദ്ര ബീച്ചിൽ ബലിതർപ്പണം നടന്നു. കരുനാഗപ്പള്ളിയിൽ വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രങ്ങളും കടവുകളും കടൽത്തീരങ്ങളും കേന്ദ്രീകരിച്ച് ഒരുക്കിയിരുന്നത്. ആലപ്പാട് ഗ്രാമപഞ്ചായത്തിലെ വെള്ളനാതുരുത്ത്, പണ്ടാരത്തുരുത്ത്, ചെറിയഴീക്കൽ, ആലപ്പാട്, കുഴിത്തുറ, പറയകടവ്, ശ്രായിക്കാട്, അഴീക്കൽ എന്നിവിടങ്ങളിലെ കടൽത്തീരങ്ങളിലാണ് ബലിതർപ്പണം നടത്തിയത്.

കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശ്രീമഹാദേവർ ക്ഷേത്രം, പുത്തൂർ താഴം ആദിശമംഗലം ക്ഷേത്രം, കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രം, നെട്ടയം ഇണ്ടിളയപ്പൻ സ്വാമി ക്ഷേത്രം, അണ്ടൂർ മഹാവിഷ്ണു ക്ഷേത്രം, മേലില ക്ഷേത്രം തുടങ്ങി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ വാവുബലി തർപ്പണം നടന്നു. ബലിതർപ്പണ കേന്ദ്രങ്ങളിൽ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ലഘുഭക്ഷണം, ചുക്കുകാപ്പി, വൈദ്യസഹായം, ആംബുലൻസ് സേവനം എന്നിവ ഒരുക്കിയിരുന്നു.