എട്ട് മാസത്തിനകം കൊല്ലം ഐ.ടി പാർക്ക് നിർമ്മാണം
കൊല്ലം: ആണ്ടാമുക്കത്ത് നിർമ്മിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഐ.ടി കോറിഡോർ പദ്ധതിക്ക് എട്ട് മാസത്തിനകം തറക്കല്ലിടാനുള്ള ഒരുക്കങ്ങൾ തുടങ്ങി. നിലവിലെ സർക്കാരിന്റെ കാലാവധി അവസാനിക്കും മുമ്പ് നിർമ്മാണം തുടങ്ങാനാണ് നിർവഹണ ഏജൻസിയായ കെ.എസ്.ഐ.ടി.എല്ലിന്റെ ലക്ഷ്യം.
ഐ.ടി പാർക്കിന്റെ വിശദ രൂപരേഖ തയ്യാറാക്കാനുള്ള കൺസൾട്ടൻസിയെ തിരഞ്ഞെടുക്കാൻ ടെണ്ടർ ക്ഷണിക്കാനുള്ള നടപടി കെ.എസ്.ഐ.ടി.എല്ലിൽ പുരോഗമിക്കുകയാണ്. ആണ്ടാമുക്കത്ത് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 3.91 ഏക്കർ സ്ഥലത്ത് ഐ.ടിക്ക് പുറമേ വാണിജ്യ സംരംഭങ്ങൾ കൂടിയുള്ള പാർക്കാണ് ലക്ഷ്യമിടുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. ഭൂമിയുടെ ഉടമസ്ഥാവകാശം കോർപ്പറേഷനിൽ നിലനിറുത്തുന്നതിനൊപ്പം പാർക്കിന്റെ പങ്കാളിയുമാക്കും. ലാഭത്തിന്റെ നിശ്ചിത വിഹിതം പങ്കിടുന്ന തരത്തിൽ കോർപ്പറേഷനും കെ.എസ്.ഐ.ടി.എല്ലും തമ്മിൽ ധാരണാപത്രം ഒപ്പിടും.
അത്യാധുനിക സൗകര്യങ്ങൾ
അതിവേഗ ഇന്റർനെറ്റ് തടസമില്ലാതെ വൈദ്യുതി മികച്ച കാബിനുകൾ കോൺഫറൻസ് ഹാൾ
തീയേറ്റർ
പ്രയോജനം ചെയ്യുന്ന മേഖല
ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് ആനിമേഷൻ അക്കൗണ്ടിംഗ് ഗെയിമിംഗ് ജി.ഐ.എസ് മൈക്രോ ഇലക്ട്രോണിക്സ് സൈബർ സെക്യൂരിറ്റി
ആദ്യം വർക്ക് നിയർ ഹോം
ആണ്ടാമുക്കത്ത് അടുത്തിടെ നിർമ്മാണം പൂർത്തിയായ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സിൽ കെ.എസ്.ഐ.ടി.എല്ലിന്റെ നേതൃത്വത്തിൽ ആറ് മാസത്തിനുള്ളിൽ വർക്ക് നിയർ ഹോം നിർമ്മിക്കും. കെട്ടിടത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനുള്ള ടെണ്ടർ വൈകാതെ ക്ഷണിക്കും. നാലുനില കെട്ടിടത്തിന്റെ ആദ്യ നിലമാത്രം ആദ്യഘട്ടത്തിൽ കോർപ്പറേഷനിൽ നിന്ന് വാടകയ്ക്കെടുക്കാനാണ് ആലോചന. ഈ കെട്ടിടവും സ്ഥലവും കൈമാറിക്കിട്ടാനുള്ള ചർച്ചകളും കെ.എസ്.ഐ.ടി.എൽ നടത്തുന്നുണ്ട്.
വിജയിച്ചാൽ കുരീപ്പുഴയിലും
ആണ്ടാമുക്കത്തെ വർക്ക് നിയർ ഹോമും ഐ.ടി പാർക്കും വിജയിച്ചാൽ കുരീപ്പുഴയിലെ ചണ്ടി ഡിപ്പോ പ്രദേശത്ത് നഗരത്തിലെ രണ്ടാമത്തെ ഐ.ടി പാർക്ക് മൂന്നാംഘട്ടമായി നിർമ്മിക്കും. കുരീപ്പുഴയിലെ ഭൂമി ഐ.ടി പാർക്കിന് നൽകാൻ കോർപ്പറേഷൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ആണ്ടാമുക്കത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ വർക്ക് നിയർ ഹോമിന് അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ ആരംഭിച്ചു. തൊട്ടടുത്ത് ഐ.ടി പാർക്ക് നിർമ്മാണത്തിനുള്ള രൂപരേഖ തയ്യാറാക്കാനുള്ള നടപടിയും തുടങ്ങി.
കെ.എസ്.ഐ.ടി.എൽ അധികൃതർ