ഐ.എസ്.ആർ.ഒ- നാസ കൂട്ടുകെട്ട്: ഭൂഗോളത്തിന്  കാവലാകാൻ നിസാർ

Friday 25 July 2025 12:54 AM IST

തിരുവനന്തപുരം: ഏതെങ്കിലും രാജ്യത്തിനുവേണ്ടിയെന്ന പ്രഖ്യാപിത ലക്ഷ്യം മാറ്റിവച്ച് ഭൂഗോളത്തിന്റെ ഓരാേ ഇഞ്ചും അരിച്ചുപെറുക്കി അതിനു കാവലാളാകാൻ ലോകത്തെ ആദ്യ ഉപഗ്രഹമായ "നിസാർ" ഈ മാസം 30ന് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരും. 13,000 കോടി രൂപ മുടക്കി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഐ.എസ്.ആർ.ഒയും സംയുക്തമായി പത്തുവർഷം കൊണ്ടാണ് നിർമ്മിച്ചത്. ലോകത്തെ ഏറ്റവും ചെലവേറിയ ഉപഗ്രഹമാണിത്. ഐ.എസ്.ആർ.ഒയുടെ സാങ്കേതിക മേൻമയ്ക്കുള്ള അംഗീകാരം കൂടിയാണിത്.

നാസ- ഐ.എസ്.ആർ.ഒ- സിന്തറ്റിക് അപ്പാർച്ചർ റഡാർ എന്നതിന്റെ ചുരുക്കപ്പേരാണ് 'നിസാർ".

30ന് വൈകിട്ട് 5.40ന് ജി.എസ്.എൽ.വി.എഫ് 16 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ഉപഗ്രഹം എല്ലാ ദിവസവും ഒരേ സമയം ഒരു സ്ഥലത്ത് എത്തുന്ന ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുന്നത്.

12 ദിവസം കൊണ്ട് ഭൂഗോളം

മുഴുവൻ നിരീക്ഷിക്കും

1. ഓരോ പന്ത്രണ്ട് ദിവസംകൂടുമ്പോൾ ഭൂഗോളനിരീക്ഷണം പൂർത്തിയാവും. ഭൂഗോളത്തെ മുഴുവൻ സ്കാൻ ചെയ്യുന്നതാണിതിലെ സംവിധാനങ്ങൾ. ഇതിനായി സ്വീപ്പ് എസ്.എ.ആർ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഉപകരണങ്ങളുണ്ട്. നാസയുടെ എൽബാൻഡ്, ഇസ്രോയുടെ എസ്ബാൻഡ് എന്നീ രണ്ട് ഫ്രീക്വൻസികളിൽ ഭൂമിയെ നിരീക്ഷിക്കുന്ന ട്രാൻസ്പോണ്ടറുകളുമുണ്ട്.

2. എല്ലാകാലാവസ്ഥകളിലും പകലായാലും രാത്രിയായാലും വളരെ വ്യക്തയുള്ള ഡേറ്റ ലഭ്യമാക്കും. ഭൂമിയുടെ ഉപരിതലത്തിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾപോലും അപ്പപ്പോൾ ഒപ്പിയെടുക്കാനാകും. ഹിമാനികളുടെ പിൻവാങ്ങൽ,കടൽ ഹിമത്തിന്റെ ചലനം, മണ്ണിലെ ഈർപ്പത്തിലെ മാറ്റങ്ങൾ ട്രാക്ക് ചെയ്യുക, ഉപരിതല ജലനിരപ്പ് മാപ്പ് ചെയ്യുക, കൊടുങ്കാറ്റിന്റെ പാത, സസ്യജാലങ്ങളിലും വനമേഖലയിലും വരുന്ന മാറ്റങ്ങൾ, ഭൂകമ്പങ്ങളിലും അഗ്നിപർവ്വതങ്ങളിലും ഉണ്ടാകുന്ന ചലനങ്ങൾ, കാലാവസ്ഥാ വ്യതിയാനം അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ പോലുള്ള പ്രക്രിയകളെക്കുറിച്ച് പുതിയ അറിവുകൾ തുടങ്ങിയ ദൗത്യങ്ങൾ നിറവേറ്റും.

2392 കിലോഗ്രാം:

ഭാരം

734കിലോ മീറ്റർ:

ഭ്രമണപഥത്തിന്റെ

ഉയരം

1167 ഉപഗ്രഹങ്ങൾ:

നിലവിലുള്ള ഭൂനിരീക്ഷണ

ഉപഗ്രഹങ്ങൾ

(അവയെല്ലാം ഓരോ രാജ്യത്തിന്റെയും

ആവശ്യങ്ങൾക്കാണ്)