ജില്ലയിൽ തോരാമഴ, ഇന്ന് ഓറഞ്ച് അലർട്ട്
കൊല്ലം: ഒരിടവേളയ്ക്ക് ശേഷം ജില്ലയിൽ മഴ ശക്തമാകുന്നു. മൂന്ന് ദിവസത്തിനിടയിൽ നിറുത്താതെ പെയ്യുന്ന മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം വീണ്ടും ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാതലത്തിൽ തിങ്കളാഴ്ചയോടെ മഴ ശക്തി പ്രാപിച്ചേക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. നാളെ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തീരത്ത് ജാഗ്രതാ നിർദ്ദേശം
അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കരുത് കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യത
ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം പൂർണമായി ഒഴിവാക്കുക
മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടു
ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത
ഇന്ന് രാത്രി 8.30 വരെ 2.6 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. തീരശോഷണത്തിന് സാദ്ധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.