അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും

Friday 25 July 2025 1:34 AM IST

ചവറ: ഫോറൻസിക് റിപ്പോർട്ട് വൈകുന്നതിനാൽ ഷാർജയിലെ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള അതുല്യ ഭവനിൽ അതുല്യയുടെ (30) മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും. നിയമപരമായ തുടർനടപടികൾക്ക് ഫോറൻസിക് പരിശോധനാ ഫലം വരുന്നത് വരെ കാത്തിരിക്കണമെന്ന നിലപാടിലാണ് ഷാർജ പൊലീസ്. ശരീരത്തിലെ പാടുകൾ വിശദമായി പരിശോധിക്കും.

അതുല്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരി അഖിലയും ഭർത്താവ് ഗോകുലും ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ബന്ധുക്കൾ നൽകിയ പരാതിയും വിഡിയോകളിലെ അതുല്യയുടെ ഭർത്താവ് സതീഷിന്റെ പെരുമാറ്റങ്ങളും കണക്കിലെടുത്ത് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

അതേസമയം, ഭർത്തൃ പീഡനത്തെ തുടർന്നാണ് മകൾ മരണപ്പെട്ടതെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സതീഷിനെതിരെ തെക്കുംഭാഗം പൊലീസ് കൊലക്കുറ്റം ചുമത്തി. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറുമെന്നും സൂചനയുണ്ട്. കഴിഞ്ഞ 19ന് പുലർച്ചെയാണ് അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയെ സതീഷ് മർദ്ദിക്കുന്നതിന്റെയും ശരീരത്തിൽ മർദ്ദനമേറ്റ് കരിവാളിച്ച പാടുകളുടെയും വീഡിയോകൾ പുറത്തുവന്നിരുന്നു.