ഇരുപതിനായിരം കടന്ന് ജില്ലയിലെ കെ-ഫോൺ കണക്ഷനുകൾ

Friday 25 July 2025 3:00 AM IST

മലപ്പുറം: കുറഞ്ഞ നിരക്കിൽ ബ്രോഡ്ബാൻഡ് കണ‌ക്ഷൻ നൽകുന്ന സംസ്ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതിയിൽ ഉപഭോക്താക്കളുടെ എണ്ണം ഇരുപതിനായിരം കടന്നു. സാധാരണക്കാർക്ക് മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം നൽകുന്നുവെന്ന നിലയിലാണ് കെ-ഫോൺ ജനങ്ങളെ ആകർഷിക്കുന്നത്. സംസ്ഥാനത്ത് കെ-ഫോണിന് ഏറ്റവുമധികം ഉപഭോക്താക്കളുള്ള ജില്ലയും മലപ്പുറമാണ്. ജില്ലയിൽ 20,​571 കണക്ഷനുകൾ ഇതിനോടകം നൽകി. ഇതുവരെ 3,​482 കിലോമീറ്റർ കേബിളുകളാണ് സ്ഥാപിച്ചത്. കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ടവറുകളിലൂടെ 153.89 കിലോമീറ്റർ ഒ.പി.ജി.ഡബ്ള്യു കേബിളുകളും 3,​328.66 കിലോമീറ്റർ എ.ഡി.എസ്.എസ് കേബിളുകൾ കെ.എസ്.ഇ.ബി പോസ്റ്റുകൾ വഴിയുമാണ് കേബിൾ സ്ഥാപിച്ചത്. ജില്ലയിൽ കളക്ടറേറ്റ് ഉൾപ്പടെയുള്ള 2,​927 സർക്കാർ ഓഫീസുകൾ ഇപ്പോൾ കെ-ഫോൺ നെറ്റുവർക്കാണ് ഉപയോഗിക്കുന്നത്.

ജില്ലയിൽ ഇതിനോടകം ആകെ 3,​663 ബി.പി.എൽ വീടുകളിൽ കെ-ഫോൺ കണക്ഷൻ നൽകി കഴിഞ്ഞു. 13,​979 വാണിജ്യ കണക്ഷനുകളും നൽകിയിട്ടുണ്ട്. പ്രാദേശിക ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്ഷനുകൾ നൽകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 344 ലോക്കൽ നെറ്റുവർക്ക് ഓപ്പറേറ്റർമാർ ഇതിനായി കെ-ഫോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കണക്ഷനുകൾക്ക് വേണ്ടി പുതിയ രജിസ്‌ട്രേഷനുകളും വരുന്നുണ്ട്. ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി 15 കണക്ഷനുകളും ജില്ലയിൽ നൽകി.

പുതിയ കണക്ഷനെടുക്കാം

പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്റെ കെ-ഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ കെ-ഫോൺ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. 18005704466 എന്ന ടോൾഫ്രീ നമ്പർ വഴിയും കണക്ഷനായി രജിസ്റ്റർ ചെയ്യാം. കെ-ഫോൺ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതൽ അറിയുവാൻ കെ- ഫോൺ ഔദ്യോഗിക വെബ്‌സൈറ്റായ https://kfon.in/ ൽ സന്ദർശിക്കുകയോ 9061604466 എന്ന വാട്സ്ആപ്പ് നമ്പരിൽ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്‌തോ കെ-ഫോൺ പ്ലാനുകൾ അറിയാനാവും.