കാർ കുളത്തിൽ വീണ് യുവാവ് മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ
പത്തനംതിട്ട: കാർ കുളത്തിൽ വീണ് യുവാവ് മരിച്ചു. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണൻ (22) ആണ് മരിച്ചത്. തിരുവല്ലയിൽ ഇന്നലെ അർദ്ധരാത്രിയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവർക്കൊപ്പം സഞ്ചരിക്കവേയാണ് അപകടമുണ്ടായത്.
റോഡിൽവച്ച് നിയന്ത്രണംവിട്ട കാർ ആദ്യം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പിന്നീട് കുളത്തിലേക്ക് വീണു. ഇതുവഴി പോയ ആളുകൾ ബഹളംവച്ചതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. തുടർന്ന് ഫയർഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു.
മൂന്നുപേരെയും പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചു. എന്നാൽ ജയകൃഷ്ണന്റെ ജീവൻ രക്ഷിക്കാനായില്ല. ഐബി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്‌ക്ക് പരിക്കേറ്റ ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള അനന്തുവിന്റെ പരിക്ക് ഗുരുതരമല്ല. ജയകൃഷ്ണന്റെ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.