ഡി മരിയ മാജിക്
പി.എസ്.ജി 3-0 ത്തിന് റയൽ മാഡ്രിഡിനെ തോൽപ്പിച്ചു
മുൻ റയൽ താരം ഏൻജൽ ഡി മരിയ പി.എസ്.ജിക്കായി ഇരട്ട ഗോൾ നേടി
. യുവന്റസും അത്‌ലറ്റിക്കോയും സമനിലയിൽ പിരിഞ്ഞു
. മാഞ്ചസ്റ്റർ സിറ്റിക്കും ബയേണിനും ജയം
പാരീസ് : സൂപ്പർ താരങ്ങളായ നെയ്‌മറും കൈലിയൻ എംബാപ്പെയും എഡിൻസൺ കവാനിയുമൊന്നുമില്ലാതിരുന്നിട്ടും യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ റൗണ്ട് മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് മുട്ടുകുത്തിച്ച് ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി. തന്റെ മുൻ ക്ളബിനെതിരെ ഇരട്ട ഗോളുകളുമായി മിന്നിത്തിളങ്ങിയ അർജന്റൈൻ താരം ഏൻജൽ ഡി മരിയയാണ് പാരീസിന് മിഴിവേറുന്ന വിജയം സമ്മാനിച്ചത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൈവിട്ടശേഷം മുങ്ങുന്ന വഞ്ചിയായി മാറിയ റയൽമാഡ്രിഡിനും തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ മുത്തമിടീച്ച പരിശീലകൻ സിനദിൻ സിദാനും പുതിയ സീസണിന്റെ തുടക്കത്തിലേ ഏറ്റ കനത്ത തിരിച്ചടിയായിരുന്നു. പാരീസിലെ തോൽവി. ആദ്യപകുതിയിൽ ഡി മരിയയുടെ രണ്ട് ഗോളുകൾക്ക് ലീഡ് ചെയ്തിരുന്ന പാരീസിന് വേണ്ടി അവസാനമിനിട്ടിൽ മ്യൂണിയറാണ് മൂന്നാം ഗോൾ നേടിയത്.
വിലക്ക് മൂലം നെയ്‌മറും പരിക്കുമൂലം എംബാപ്പെയും കവാനിയും മാറിയിരുന്ന മത്സരത്തിന്റെ 14-ാം മിനിട്ടിൽ തകർപ്പനൊരു ഹെഡറിൽ നിന്നാണ് ഡി മരിയ പഴയ ക്ളബിന്റെ വല കുലുക്കിയത്. 33-ാം മിനിട്ടിൽ രണ്ടാം ഗോളും നേടി. മുന്നേറ്റത്തിൽ ഇതാദ്യമായി ഏദൻ ഹസാഡ്. ഗാരേത്ത് ബെയ്ൽ, കരിം ബെൻസേമ എന്നിവരെ ഒന്നിച്ചിറക്കിയിട്ടും റയലിന് ഒരു ഗോൾ പോലും തിരിച്ചടിക്കാൻ കഴിഞ്ഞില്ല. ബെയ്ൽ ഒരു തവണ പി.എസ്.ജി വല കുലുക്കിയെങ്കിലും വീഡിയോ റഫറി ഹാൻഡ് ബാൾ വിളിച്ച് ഗോൾ അസാധുവാക്കി.
. 2006 നുശേഷം ചാമ്പ്യൻസ് ലീഗിന്റെ ആദ്യ റൗണ്ടിൽ റയൽ മാഡ്രിഡ് തോൽക്കുന്നത് ഇതാദ്യമാണ്.
. സിനദിൻ സിദാന് കീഴിൽ 3-0 എന്ന വലിയ മാർജിനിൽ റയൽ തോൽക്കുന്നതും ഇതാദ്യം.
. റയൽ മാഡ്രിഡിനെതിരെ ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജി വിജയിക്കുന്നത് ഇതാദ്യം.
. 2016 നുശേഷം സിദാന് കീഴിൽ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ ഗോളടിക്കാതിരിക്കുന്നത് ഇതാദ്യം.
കിരീട സ്വപ്നങ്ങളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂട്ടിയിറങ്ങിയ യുവന്റസിന് ആദ്യ മത്സരത്തിൽ സ്പാനിഷ് കരുത്തൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായി സമനില വഴങ്ങേണ്ടിവന്നു. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 2-0 ത്തിന് ലീഡ് ചെയ്ത യുവന്റസിനെ സ്വന്തം മണ്ണിൽ വിസ്മയകരമായ തിരിച്ചുവരവ് നടത്തിയാണ് അത്‌ലറ്റിക്കോ 2-2ന് സമനിലയിൽ തളച്ചത്.
ക്രിസ്റ്റ്യാനോയ്ക്ക് സ്കോർ ചെയ്യാൻ കഴിയാതിരുന്ന മത്സരത്തിന്റെ 48-ാം മിനിട്ടിൽ യുവാൻ ക്വാർഡാഡോയും 65-ാം മിനിട്ടിൽ ബ്ളെയ്സ് മാത്യു ഡിയുമാണ് യുവന്റസിനായി സ്കോർ ചെയ്തത്. 70-ാം മിനിട്ടിൽ സ്റ്റെഫാൻ സാവിച്ചിലൂടെ ആദ്യഗോൾ മടക്കിയ അത്‌ലറ്റിക്കോയെ സമനിലയിലെത്തിച്ചത് 90-ാം മിനിട്ടിലെ ഹെക്ടർ ഹെരേരയുടെ ഗോളായിരുന്നു.
ഗ്രീക്ക് ക്ളബ് ഒളിമ്പ്യാക്കോസ് പിറേയൂസിനെതിരെ ടോട്ടൻഹാമും സമനിലയിൽ പിരിഞ്ഞത് 2-2 എന്ന സ്കോറിനാണ്. ആദ്യപകുതിയിൽ 2-1ന് ടോട്ടൻ ഹാം ലീഡ് ചെയ്തിരുന്നു. 26-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഹാരി കേനാണ് ടോട്ടൻ ഹാമിനായി ആദ്യഗോൾ നേടിയത്. 30-ാം മിനിട്ടിൽ ലൂക്കാസ് മൗറയും സ്കോർ ചെയ്തു. 44-ാം മിനിട്ടിൽ ഡാനിയേൽ പൊഡെൻസാണ് പിറേയൂസിന്റെ ആദ്യഗോൾ നേടിയത്. 54-ാം മിനിട്ടിൽ മാത്യു വൽബുയേന സമനില ഗോൾ നേടി.
ഉക്രേനിയൻ ക്ളബ് ഷാക്‌തർ ഡോണെസ്കിനെ മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത് 3-0 ത്തിനാണ്. പ്രതിരോധ നിരയിലെ പ്രമുഖർ പരിക്കുമൂലം പുറത്തിരുന്ന മത്സരത്തിൽ റിയാദ് മഹ്‌റേസ്, ഇക്കേയ് ഗുണ്ടോഗൻ, ഗബ്രിയേൽ ജീസസ് എന്നിവർ നേടിയ ഗോളുകൾക്കാണ് സിറ്റി വിജയം കണ്ടത്. കിംഗ്‌സ്‌ലി കോമൻ, റോബർട്ട് ലെവാൻ ഡോവ്‌സ്‌കി, തോമസ് മുള്ളവർ എന്നിവർ നേടിയ ഗോളുകൾക്കാണ് ബയേൺ മ്യൂണിക് ക്രെവ്‌ന സെസ്‌ദയെ (റെഡ് സ്റ്റാർ ബെൽ ഗ്രേഡ്) കീഴടക്കിയത്. മറ്റ് മത്സരങ്ങളിൽ ലോക്കോ മോട്ടീവ് മോസ്‌കാവ 2-1ന് ബയേൺ ലെവർ കൂസനെയും ഡൈനമോ സാഗ്രെബ് 4-0 ത്തിന് അറ്റലന്റയെയും കീഴടക്കി.
മത്സരഫലങ്ങൾ
ടോട്ടൻഹാം 2-ഒളിമ്പിക് പിറേയൂസ് 2
ക്ളബ് ബ്രുഗെ 0- ഗലറ്റസറി 0
യുവന്റസ് 2-അത്‌ലറ്റിക്കോ മാഡ്രിഡ് 2
ബയേൺ മ്യൂണിക് 3-ക്രെവ്ന സെസ്ദ 0
പി.എസ്.ജി 3-റയൽ മാഡ്രിഡ് 0
മാഞ്ചസ്റ്റർ സിറ്റി 3-ഷാക്‌തർ ഡോണെസ്ക് 0
ഡൈനമോ സാഗ്രബ് 4- അറ്റ്ലാന്റ് 0
ലെവർ കൂസൻ 1-ലോക്കോമോട്ടീവ് 2