12 വയസുകാരന്റെ അന്നനാളത്തിൽ അഞ്ച് രൂപ പത്ത് രൂപ നാണയങ്ങൾ; നിങ്ങളുടെ വീട്ടിലും സംഭവിച്ചേക്കാം, ഈ തെറ്റ് ചെയ്യരുത്‌

Friday 25 July 2025 12:24 PM IST

ന്യൂഡൽഹി: എന്ത് കിട്ടിയാലും എടുത്ത് വായിൽ വയ്ക്കുന്ന സ്വഭാവം കുട്ടികൾക്കുണ്ട്. നാണയങ്ങൾ, താക്കോൽ, പിൻ തുടങ്ങിയ സാധനങ്ങൾ കുട്ടികൾ എടുത്ത് വിഴുങ്ങുന്ന വാർത്തകൾ നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ അഞ്ച്, പത്ത് രൂപ നാണയങ്ങൾ വിഴുങ്ങിയ 12 വയസുകാരനെ രക്ഷിച്ച വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഡൽഹിയിലാണ് സംഭവം നടന്നത്.

നാണയം വിഴുങ്ങിയതോടെ മാതാപിതാക്കൾ കുട്ടിയെ രോഹിണിയിലെ ഡോ. ബാബ സാഹിബ് അംബേദ്കർ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഹരിയാനയിലെ സോണിപത്തിൽ നിന്നുള്ള 12കാരനാണ് നാണയം വിഴുങ്ങിയത്. എക്സ്റേയിൽ നാണയങ്ങൾ അന്നനാളത്തിൽ കുടുങ്ങിയതായി കണ്ടെത്തി. തുടർന്ന് ഡോക്ടർമാർ ഈസോഫാഗോസ്കോപ്പി വഴി മൂന്ന് നാണയങ്ങൾ പുറത്തെടുക്കുകയായിരുന്നു. ഇത് ഒരു എൻഡോസ്കോപ്പിക്ക് സമാനമാണ്.

നിങ്ങളുടെ കുട്ടി നാണയങ്ങൾ വിഴുങ്ങിയാൽ എന്ത് ചെയ്യണം

പല സന്ദർഭങ്ങളിലും കുട്ടികൾ ഇത്തരത്തിലുള്ള ചെറിയ വസ്തുകൾ വിഴുങ്ങാറുണ്ട്. ചിലത് ദഹനവ്യവസ്ഥയിലൂടെ പുറത്തുവരുന്നു. മറ്റ് ചിലത് പുറത്തുവരാതെ ഇരിക്കുന്നു. ഇത് വളരെ ഗൗരവതോടെ വേണം മാതാപിതാക്കൾ എടുക്കാൻ. കുട്ടിയ്ക്ക് പ്രത്യക്ഷത്തിൽ പ്രശ്നങ്ങൾ ഇല്ലെങ്കിലും ഉടൻ ആശുപത്രിയിൽ എത്തിക്കേണ്ടതാണ്. ചില ലക്ഷണങ്ങൾ കുട്ടികൾ കാണിച്ചാൽ വേഗം ആശുപത്രിയിൽ എത്തിക്കുക.

  • അന്നനാളത്തിൽ എന്തെങ്കിലും തട്ടുന്നതായി കുട്ടി പറഞ്ഞാൽ ഉടൻ ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കണം. ചിലപ്പോൾ നിങ്ങൾ അറിയാതെ കുട്ടി സാധനങ്ങൾ വിഴുങ്ങാൻ സാദ്ധ്യതയുണ്ട്.
  • കുട്ടി ശ്വസിക്കാൻ ബുദ്ധിമുട്ടുകയോ അല്ലെങ്കിൽ വേഗത്തിൽ ശ്വസിക്കാൻ തുടങ്ങുകയോ ചെയ്താൽ ഇത്തരത്തിൽ വിഴുങ്ങുന്ന നാണയങ്ങൾ ശ്വാസനാളത്തെ ബാധിച്ചിരിക്കാം. ഉടൻ ഡോക്ടറെ കാണിക്കണം.
  • കുട്ടി നാണയം വിഴുങ്ങിയശേഷം മറ്റ് ലക്ഷണങ്ങൾ ഒന്നും കാണിച്ചില്ലെങ്കിൽ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തണം.
  • ചില കുട്ടികൾ ഇത്തരത്തിൽ സാധനങ്ങൾ വിഴുങ്ങുമ്പോൾ മാതാപിതാക്കൾ വാഴപ്പഴം നൽകുന്നു. എന്നാൽ ഇത്തരത്തിലുള്ള പൊടിക്കെെകൾ ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.