അരക്കിലോമീറ്റർ ചുറ്റളവിൽ ജനങ്ങളെ ഒഴിപ്പിക്കുന്നു; നടുറോഡിൽ മറിഞ്ഞ ഗ്യാസ് ടാങ്കറിലെ വാൽവ് പൊട്ടി വാതക ചോർച്ച

Friday 25 July 2025 12:27 PM IST

കാസർകോട്: കാഞ്ഞങ്ങാട് സൗത്തിൽ മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി ഉയർത്തുന്നതിനിടെ വാതകം ചോർന്നു. ഇതോടെ പ്രദേശത്ത് അര കിലോമീറ്റർ പരിധിയിലുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് എൽപിജി ഗ്യാസുമായി പോകുന്ന ടാങ്കർ ഇന്നലെ ഉച്ചയ്‌ക്കാണ് മറിഞ്ഞത്.

കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി. മംഗലാപുരത്ത് നിന്ന് വിദഗ്ദ്ധ സംഘം എത്തിയ ശേഷം മാത്രമേ ചോർച്ച അടയ്‌ക്കാനാകൂ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിനായി മണിക്കൂറുകൾ എടുക്കും. കൂടുതൽ ഫയർഫോഴ്‌സ് സംഘങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ടാങ്കർ ഉയർത്തുന്നതിന് ഭാഗികമായി പ്രാദേശിക അവധിയടക്കം മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഈ വാർഡുകളിലെ സ്‌കൂൾ, അങ്കണവാടി, കടകൾ ഉൾപ്പെടെയുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ എട്ട് മുതൽ കാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് വരെ ഹൈവേ വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ച ശേഷമാണ് ടാങ്കർ ഉയർത്താനുള്ള ശ്രമം തുടങ്ങിയത്.