'കിണറ്റിലെ കയറിൽ ഗോവിന്ദച്ചാമി തൂങ്ങി നിൽക്കുന്നു, മിണ്ടിയാൽ കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'

Friday 25 July 2025 2:28 PM IST

കണ്ണൂർ: ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ കുറച്ചുമുൻപാണ് പൊലീസ് പിടികൂടിയത്. തളാപ്പിലെ കുമാർ ബിൽഡിംഗിന്റെ കിണറ്റിൽ ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ സുരക്ഷാ ജീവനക്കാരനും മുൻ സെെനികനുമായ ഉണ്ണികൃഷ്ണനാണ് ആദ്യം കണ്ടത്. തളാപ്പ് പരിസരത്ത് ഗോവിന്ദച്ചാമിയുണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധന നടത്തിയതായിരുന്നു ഉണ്ണികൃഷ്ണൻ.

'രാവിലെ വാർത്ത അറിഞ്ഞത് മുതൽ ഞങ്ങൾ പൊലീസിനൊപ്പം തെരച്ചിൽ നടത്തി. ആദ്യം കിണറ്റിൽ ആരെയും കണ്ടില്ല. ഇടയ്ക്ക് വച്ച് ഗോവിന്ദച്ചാമിയെ പിടികൂടിയെന്ന വാർത്ത വന്നു. പിന്നെ ഇവിടെയുള്ള എല്ലാവരും അപ്പുറത്ത് പോയി. എന്നാൽ അൽപസമയത്തിനകം പ്രതിയെ പിടികൂടിയില്ലെന്ന് വിളിച്ചുപറഞ്ഞു. തുടർന്ന് സംശയം തോന്നി ഞാൻ വന്ന് കിണറ്റിൽ നോക്കിയപ്പോൾ അതിനുള്ളിൽ കയറിൽ തൂങ്ങി പ്രതി നിൽപ്പുണ്ടായിരുന്നു. മിണ്ടിയാൽ കുത്തിക്കൊല്ലുമെന്ന് പറഞ്ഞു. തമിഴ് കലർന്ന മലയാളത്തിൽ എന്നെ ഭീഷണിപ്പെടുത്തി. എന്നാൽ ഞാൻ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഞാൻ ശബ്ദം ഉണ്ടാക്കിയപ്പോഴാണ് പൊലീസ് ഓടിവന്നത്'- ഉണ്ണികൃഷ്ണൻ പറഞ്ഞു.

പൊലീസിനെയും നാട്ടുകാരെയും കണ്ടയുടൻ ഇയാൾ കിണറ്റിലേക്ക് ചാടുകയായിരുന്നു. കറുത്ത പാന്റാണ്‌ വേഷം. ഷർട്ട് ധരിച്ചിരുന്നില്ല. ഗോവിന്ദച്ചാമിയെ വിശദമായി ചോദ്യം ചെയ്യും. ജയിൽ ചാടാൻ ആരെങ്കിലും സഹായിച്ചോ എന്നതിനെക്കുറിച്ചും അന്വേഷിക്കും. വളരെ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്ന് ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു.

2011 ഫെബ്രുവരി ഒന്നിനാണ് ഗോവിന്ദച്ചാമി യുവതിയെ ബലാത്സംഗം ചെയ്‌തത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു യുവതി. ജോലി കഴിഞ്ഞ് ട്രെയിനിൽ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. വനിതാ കമ്പാർട്ട്‌മെന്റിൽ തനിച്ചുണ്ടായിരുന്ന യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട ഗോവിന്ദച്ചാമി കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്‌തു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി ആറിനാണ് മരിച്ചത്. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്നാണ് യഥാർത്ഥ പേര്. തമിഴ്നാട്ടിൽ മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയാണ്.