ഗുരുദേവ ദർശന പ്രചാരണം: വെള്ളാപ്പള്ളി നടേശന്റെ ആശീർവാദം തേടി
കാലടി: ലോക സമാധാനത്തിനും വിശ്വ സാഹോദര്യത്തിനും ഗുരുദേവ ദർശനങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീശങ്കരാ സ്‌കൂൾ ഒഫ് ഡാൻസ് 'ഗുരുദേവചരിതം ഒരു നാട്യഭാഷ്യം' എന്ന മെഗാ നൃത്തപരിപാടിയുമായി രംഗത്ത്.
പരിപാടിയുടെ ഭാഗമായി പി.ടി.എ. ഭാരവാഹികളും കലാകാരികളും എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പ്രസിഡന്റ് ഡോ. എം.എൻ. സോമനെയും നേരിൽക്കണ്ട് ആശീർവാദം തേടി. പ്രസിഡന്റ് കെ.ടി. സലിം, പി.ടി.എ. വർക്കിംഗ് പ്രസിഡന്റ് എ.ആർ. അനിൽകുമാർ, മറ്റ് ഭാരവാഹികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, എസ്.എൻ. ട്രസ്റ്റ് അംഗം പ്രീതി നടേശൻ എന്നിവരെയും നേരിൽ കണ്ടു.
അഭിനന്ദനങ്ങളുടെ പ്രവാഹം കൊവിഡ് കാലത്ത് ചിട്ടപ്പെടുത്തിയ ഗുരുദേവ ദർശന നൃത്താവിഷ്‌കാരത്തിന് രണ്ട് മണിക്കൂർ ദൈർഘ്യമുണ്ട്. ആദ്യ അവതരണം കാലടി നാസ് ഓഡിറ്റോറിയത്തിലായിരുന്നു. അനുഗ്രഹത്തിനായി ശ്രീനാരായണീയർ ചടങ്ങിൽ എത്തിയിരുന്നു.
ജസ്റ്റിസ് കെ. സുകുമാരൻ, ജസ്റ്റിസ് കെ.കെ. ഉഷ, ജസ്റ്റിസ് കെ.പി. രാധാകൃഷ്ണ മേനോൻ, സച്ചിദാനന്ദ സ്വാമികൾ, പ്രൊഫ. എം.കെ. സാനു ഉൾപ്പെടെ ഒട്ടേറെ പ്രശസ്ത വ്യക്തികൾ ആദ്യ അവതരണം കണ്ടതായി ഡയറക്ടർ സുതാ പീതാംബരൻ പറഞ്ഞു.
മെഗാ അവതരണം സെപ്തംബർ 6ന്
രണ്ട് മണിക്കൂർ ദൈർഘ്യമുള്ള മെഗാ പരിപാടിയുടെ പ്രത്യേക അവതരണം കാലടി നാസ് ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട സദസിന് മുന്നിൽ സെപ്തംബർ ആറിന് വൈകിട്ട് 6.30ന് വീണ്ടും നടക്കും. 23 സീനിയർ കലാകാരികൾ, 12 പിന്നണി കലാകാരന്മാർ എന്നിവർ അടങ്ങുന്ന സംഘമാണ് മെഗാ പരിപാടിയിൽ പങ്കെടുക്കുക. കൂടുതൽ വേദികൾ കണ്ടെത്തി ഗുരുദേവ ദർശനം ദൃശ്യാവിഷ്‌കാരത്തിലൂടെ ആഗോള തലത്തിൽ പ്രചരിപ്പിക്കുവാനാണ് ഡാൻസ് സ്‌കൂൾ ലക്ഷ്യമിടുന്നതെന്ന് പ്രൊമോട്ടർ പ്രൊഫ. പി.വി. പീതാംബരൻ പറഞ്ഞു.