അസാമിലെ ചായക്ക് കേരളത്തിലെ മസാലക്കൂട്ട്; ലണ്ടനില്‍ ഇന്ത്യന്‍ 'ഫ്യൂഷന്‍' സ്വാദ് ആസ്വദിച്ച് മോദിയും സ്റ്റാര്‍മറും

Friday 25 July 2025 7:26 PM IST

ലണ്ടന്‍: ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കി തന്റെ യുകെ സന്ദര്‍ശനം തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര ബന്ധം പുതിയ മാനങ്ങള്‍ കൈവരിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുമെന്നുമാണ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ പ്രതീക്ഷിക്കുന്ന പ്രധാന മാറ്റം. ഔദ്യോഗിക തിരക്കുകള്‍ക്കും ചര്‍ച്ചകള്‍ക്കുമിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ചായ കുടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സ്റ്റാര്‍മറുമൊത്തുള്ള ചായകുടിയെ 'ചായ് പെ ചര്‍ച്ച' എന്നാണ് നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇത് സമൂഹമാദ്ധ്യമ ഹാന്‍ഡിലുകള്‍ ഏറ്റെടുക്കുകയും ചെയ്തു. എക്‌സില്‍ മോദി പങ്കുവച്ച ചായകുടിയുടെ വീഡിയോയില്‍ കേരളത്തിനും അഭിമാനിക്കാന്‍ വകയുണ്ട്. സ്റ്റാര്‍മര്‍ക്കൊപ്പം നടന്ന് ചായകുടിക്കാന്‍ എത്തുകയാണ് പ്രധാനമന്ത്രി. ഇവിടെ ചായ വിതരണം ചെയ്യുന്നയാള്‍ മോദിക്ക് ചായ പേപ്പര്‍ കപ്പില്‍ ഒഴിച്ച് നല്‍കുമ്പോഴുള്ള സംഭാഷണവും വീഡിയോയില്‍ കാണാം.

മസാല ചായയാണ് പ്രധാനമന്ത്രിമാര്‍ കുടിക്കുന്നത്. അസമില്‍ നിന്നുള്ള തേയിലയും കേരളത്തില്‍ നിന്നുള്ള മസാലയുമാണ് ചായയുണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ചായക്കാരന്‍ മോദിക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ഏലക്ക, കുരുമുളക്, പട്ട, ഇഞ്ചി എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പോള്‍ ഇന്ത്യന്‍ സ്വാദ് ആസ്വദിക്കാം എന്നാണ് നരേന്ദ്ര മോദി കീര്‍ സ്റ്റാര്‍മറോട് പറയുന്നത്. അതോടൊപ്പം തന്നെ മോദിക്ക് ചായ കൈമാറുമ്പോള്‍ ഒരു ചായ്‌വാലയില്‍ (ചായക്കാരന്‍) നിന്ന് മറ്റൊരു ചായ്‌വാലയിലേക്ക് എന്നും പറയുന്നത് വീഡിയോയില്‍ കാണാം.