ജോ റൂട്ടിന് സെഞ്ച്വറി, മാഞ്ചസ്റ്ററില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ്; ഇംഗ്ലണ്ട് കുതിക്കുന്നു

Friday 25 July 2025 7:53 PM IST

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. മുന്‍ നായകന്‍ ജോ റൂട്ടിന്റെ സെഞ്ച്വറി മികവില്‍ മുന്നേറുകയാണ് ആതിഥേയര്‍. മൂന്നാം ദിനം ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ ടീം സ്‌കോര്‍ 400 പിന്നിട്ടു. 178 പന്തുകളില്‍ നിന്നാണ് ജോ റൂട്ട് കരിയറിലെ 38ാം ടെസ്റ്റ് സെഞ്ച്വറി തികച്ചത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ആണ് റൂട്ടിന് കൂട്ടായി ക്രീസിലുള്ളത്.

225ന് രണ്ട് എന്ന സ്‌കോറില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി ഒലി പോപ്പ് (71) അര്‍ദ്ധ സെഞ്ച്വറി നേടി. ടീം സ്‌കോര്‍ 341ല്‍ എത്തി നില്‍ക്കെ വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് പോപ്പ് മടങ്ങിയത്. പിന്നാലെ വന്ന ഹാരി ബ്രൂക്ക് (മൂന്ന്) അധിക നേരം പിടിച്ചുനിന്നില്ല. സുന്ദറിനെ സ്റ്റെപ്പ്ഔട്ട് ചെയ്യാനുള്ള ശ്രമത്തില്‍ ബ്രൂക്കിനെ ധ്രുവ് ജൂരല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി.

ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ് (94), സാക്ക് ക്രൗളി (84) എന്നിവരുടെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് രണ്ടാം ദിനം നഷ്ടമായിരുന്നു. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ക്ക ഓരോ വിക്കറ്റ് വീതം ലഭിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 358 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. യശസ്വി ജയ്‌സ്‌വാള്‍, സായ് സുദര്‍ശന്‍, റിഷഭ് പന്ത് എന്നിവര്‍ ഇന്ത്യക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിരുന്നു. ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിന് വേണ്ടി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പരമ്പരയില്‍ ഇംഗ്ലണ്ട് ആണ് മുന്നില്‍ (2-1).