വഞ്ചനയാകുന്ന വ്യാജ യോഗ്യത
ചികിത്സാമേഖല വമ്പൻ വ്യവസായമായി മാറിയതോടെ സംസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളും, വിദേശ ബിരുദങ്ങളും യോഗ്യതകളും നേടിയ ഡോക്ടർമാർ തങ്ങളുടെ സ്ഥാപനത്തിലുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് രോഗികളെ അവിടേയ്ക്ക് ആകർഷിക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. വിദേശ രാജ്യങ്ങളിലെ അംഗീകാരമില്ലാത്ത സർവകലാശാലകൾ നൽകുന്ന എം.ഡി, പിഎച്ച്.ഡി, ക്രിട്ടിക്കൽ കെയർ ഡിപ്ലോമ, ഡയബറ്റോളജി ഡിപ്ലോമ തുടങ്ങിയവയായിരിക്കും പലരും അധിക യോഗ്യതയായി പ്രദർശിപ്പിക്കുന്നത്. ഇക്കാര്യങ്ങൾ പത്ര പരസ്യങ്ങളിലും ആശുപത്രികളുടെ പരസ്യ ഹോർഡിംഗുകളിലുമൊക്കെ ഉൾപ്പെടുത്തി സ്ഥാപന ഉടമകൾ സാധാരണക്കാരെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.
ചികിത്സ തേടിയെത്തുന്ന രോഗിക്ക്, ഡോക്ടറുടെ യോഗ്യതാ സർട്ടിഫിക്കറ്റ് കാണട്ടെ എന്ന് ആവശ്യപ്പെടാനാകുമോ! ഈ ഡോക്ടർമാർ അവകാശപ്പെടുന്ന യോഗ്യതകളുടെ പേരിൽ, രോഗി വലിയ കൺസൾട്ടിംഗ് ഫീസ് നല്കേണ്ടിയും വരും. പല വിദേശരാജ്യങ്ങളിൽ നിന്നുമുള്ള ഡിപ്ളോമകൾക്കും മറ്റും ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമില്ല താനും. അതുകൊണ്ട്, സ്വകാര്യ ആശുപത്രികളിൽ പ്രാക്ടീസു ചെയ്യുന്ന ഡോക്ടർമാർ അവരുടെ ബിരുദങ്ങൾക്കൊപ്പം അവ നൽകിയ സർവകലാശാലകളുടെ പേരുകൂടി പ്രദർശിപ്പിക്കണമെന്ന് സർക്കാരും മെഡിക്കൽ കൗൺസിലും കർശന നിർദ്ദേശം നല്കേണ്ടതാണ്.
അഡ്വ. പി.കെ ശങ്കരൻകുട്ടി കഴക്കൂട്ടം