കാലിവളർത്തൽ ദുഷ്കരമാകുന്നു

Saturday 26 July 2025 3:28 AM IST

വയലോരങ്ങളിലും വഴിയോരങ്ങളിലും പുഴയോരങ്ങളിലും പറമ്പുകളിലും ഒന്നാന്തരം തീറ്റപ്പുല്ല് കാടു പിടിച്ച് കിടക്കുന്നു. ഈ പുല്ല് ശേഖരിക്കാനോ കാലികളെ തീറ്റിക്കാനോ ആരും പോകാറില്ല. പാൽ സംഭരണ കേന്ദ്രങ്ങളിൽ നിന്ന് ചെറു വാഹനങ്ങളിൽ കയറ്റി കൊണ്ടുവരുന്ന പാലിനുവേണ്ടി നാട്ടോരങ്ങളിൽ ആവശ്യക്കാർ കാത്തുനിൽക്കുന്നു. എന്നാൽ,​ അടുത്ത നാളുകളിലായി ഉപഭോക്താക്കൾക്ക് വേണ്ടത്ര പാൽ കൊടുക്കാൻ തികയാറില്ല. അന്വേഷിച്ചപ്പോൾ അറിഞ്ഞത് കൃഷിക്കാർ കാലിവളർത്തൽ നിറുത്തിക്കൊണ്ടിരിക്കുന്നു എന്നാണ്.

എന്തെങ്കിലും അസുഖം വന്നാൽ ഡോക്ടറെ കൊണ്ടുവരാനും, അവർ കുറിച്ചുതരുന്ന മരുന്ന് വാങ്ങാനും വലിയ ചെലവു വരുന്നു (കുറെ ദിവസം പാലും ഉണ്ടാവില്ല). പുതിയ തരം തീറ്റകളും മരുന്നുകളും കാലികളുടെ പ്രതിരോധശക്തി കുറയ്കുന്നുണ്ടോ എന്ന കാര്യം പഠനവിധേയമാക്കേണ്ടതാണ്. മറ്റൊരു പ്രധാനകാര്യം,​ പഴയ തലമുറയെ സമീപിച്ച് പഴയകാല നാട്ടുമരുന്നുകളും ചികിത്സയും വ്യാപകമാക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം എന്നതാണ്. രാജേശ്വരി തോന്നയ്ക്കൽ ഊരൂപൊയ്ക