'റീഇൻവെന്റ് മലബാർ 29ന്

Saturday 26 July 2025 12:02 AM IST
'റീഇൻവെന്റ് മലബാർ 29ന്

കോഴിക്കോട്: കേരള സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'റീഇൻവെന്റ് മലബാർ 29 ന് വൈകിട്ട് അഞ്ചിന് ഹോട്ടൽ മലബാർ പാലസിൽ നടക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭകർക്ക് വഴികാട്ടുക, മലബാറിന്റെ വ്യാവസായിക സാദ്ധ്യതകൾ പൂർണമായി ഉപയോഗപ്പെടുത്തുക എന്നിവയാണ് 'റീഇൻവെന്റ് മലബാർ' ലക്ഷ്യമിടുന്നത്. വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും. നല്ല സംരംഭകർ നാടിന്റെ മുതൽക്കൂട്ടാണെന്ന സന്ദേശം പൊതുസമൂഹത്തിൽ എത്തിക്കുക, വ്യവസായങ്ങൾക്ക് തടസ്സമാകുന്ന സമീപനങ്ങൾ മാറ്റിയെടുക്കുക, പുതിയ തലമുറക്ക് ലക്ഷ്യബോധം നൽകുക എന്നിവയാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കളത്തിൽ ഇസ്ഹാഖ്, ബാബു മാളിയേക്കൽ, പി. അരുൺ കുമാർ, പി.എം.എ ഗഫൂർ, വി.കെ.സി റസാക്ക് എന്നിവർ പങ്കെടുത്തു.