സാംസ്കാരിക നിലയവും റോഡും ഉദ്ഘാടനം

Saturday 26 July 2025 12:02 AM IST
നടുക്കണ്ടിയില്‍ അംഗനവാടി റോഡിന്‍റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിക്കുന്നു.

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തിലെ വെളൂർ വാർഡിൽ നിർമ്മിച്ച സാംസ്‌കാരിക നിലയത്തിന്റെയും വാഴക്കാത്ത് പാംകുന്നത്ത് നടുക്കണ്ടിയിൽ അങ്കണവാടി റോഡിന്റെയും ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. സാംസ്‌കാരിക നിലയം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 4.82 ലക്ഷം രൂപ വിനിയോഗിച്ചും റോഡ് ഗ്രാമപഞ്ചായത്തിന്റെ 3 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയുമാണ് പൂർത്തീകരിച്ചത്. അങ്കണവാടി നിർമ്മിക്കാൻ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയ പാറപ്പുറത്ത് കദീജയെ മൊമെന്റൊ നൽകി ആദരിച്ചു. വീട് നിർമ്മിക്കുവാൻ പാരമ്പര്യമായി തനിയ്ക്ക് ലഭിച്ച എട്ട് സെന്റ് ഭൂമിയിൽ നിന്നാണ് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി കദീജ ഗ്രാമപഞ്ചായത്തിന് നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ, റൂബി നസീർ, കുന്നത്ത് സുലൈമാൻ, കെ. മോഹനൻ, പാറപ്പുറത്ത് കദീജ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ടി. ശിവാനന്ദൻ സ്വാഗതവും അങ്കണവാടി വർക്കർ കെ. റംല നന്ദിയും പറഞ്ഞു.