ഇടത്-വലത് തർക്കം മുറുകുന്നു, അങ്കണവാടി ഉദ്ഘാടനം ത്രിശങ്കുവിൽ
പെരുമ്പാവൂർ: ഉദ്ഘാടന തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ അങ്കണവാടിയെ ചൊല്ലി വിവാദം കൊഴുക്കുന്നു. പെരുമ്പാവൂർ നഗരസഭ കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മാണം പൂർത്തിയാക്കിയ അങ്കണവാടിയെ ചൊല്ലിയാണ് സി.പി.എമ്മും യു.ഡി.എഫും തർക്കം മുറുകുന്നത്. പണി പൂർത്തിയായിട്ടും അങ്കണവാടി തുറക്കുന്നില്ലെന്നാണ് സി.പി.എമ്മിന്റെ ആരോപണം. എന്നാൽ, ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന വ്യാജ പ്രചരണമാണെന്ന് യു.ഡി.എഫ് പറയുന്നു. ഓഗസ്റ്റ് ആറിന് അങ്കണവാടിയുടെ ഉദ്ഘാടനം നിശ്ചയിച്ചെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്.
കുട്ടികളുടെ ഭാവിയെ ലക്ഷ്യമാക്കി മുന്നേറിയ വലിയൊരു വികസനപദ്ധതിക്ക് ഒപ്പം നിന്ന നഗരസഭയിലെ മുഴുവൻ കൗൺസിൽ അംഗങ്ങൾക്കും നന്ദി പറഞ്ഞ് ക്ഷേകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സനായ മിനി ജോഷി രംഗത്തു വന്നതോടെ വിവാദം കൊഴുത്തിരിക്കുകയാണ്.
എതിർപ്പുകൾ മറികടന്ന് നേടിയ സ്വപ്നം
കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ അങ്കണവാടി സ്ഥാപിക്കാനായുള്ള ശ്രമങ്ങൾക്ക് രാഷ്ട്രീയ സ്വാധീനം മൂലമുള്ള ശക്തമായ എതിർപ്പുകൾ നേരിട്ടിരുന്നു. നിരവധി ഭരണ, നിയമപര നടപടികൾക്ക് ശേഷം ഹൈക്കോടതിയിൽ വരെ പോയി അനുകൂലമായ വിധി സമ്പാദിച്ചാണ് അങ്കണവാടി ഇവിടെ നിർമ്മിക്കാൻ ആരംഭിച്ചത്.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഫണ്ടിൽ നിന്ന് അങ്കണവാടി കെട്ടിടം നിർമ്മിക്കാൻ 46 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ പഞ്ചായത്ത് ടെൻഡർ നടപടികൾ ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തിൽ ആരും പ്രവർത്തി ഏറ്റെടുക്കാൻ തയ്യാറായില്ല. അന്നത്തെ നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബിന്റെയും വാർഡ് കൗൺസിലർ മിനി ജോഷിയുടെയും ഇടപെടലിനെ തുടർന്നാണ് പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഇലക്ട്രിക്കൽ വർക്ക് ഉൾപ്പെടെയുള്ള അവസാനഘട്ടങ്ങൾ നഗരസഭാ ചെയർമാൻ പോൾ പാത്തിക്കലിന്റെ സഹകരണത്തോടെ പൂർത്തിയാക്കിയ കെട്ടിടത്തിന് കഴിഞ്ഞ ദിവസമാണ് വൈദ്യുത കണക്ഷനും വാട്ടർ കണക്ഷനും ലഭ്യമായത്.