14 കാരനെതിരെ ആക്രമണം: പുനരന്വേഷണം വേണമെന്ന്

Saturday 26 July 2025 12:10 AM IST

വൈപ്പിൻ: പത്താം ക്ലാസ് വിദ്യാർത്ഥി ഞാറക്കൽ മാരാത്തറ ആദിത്യനെ ആക്രമിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പുനരന്വേഷണം നടത്തണമെന്ന് പട്ടികജാതി ക്ഷേമ സമിതി വൈപ്പിൻ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ഫുട്‌ബാൾ കളിയിലെ സംഘർഷത്തെ തുടർന്ന് ആദിത്യനെ 15 അംഗസംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി മർദ്ദിച്ച സംഭവത്തിൽ ഞാറക്കൽ പൊലീസ് കേസെടുത്തുവെങ്കിലും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൺവെൻഷൻ കുറ്റപ്പെടുത്തി. നായരമ്പലം മംഗല്യ ഓഡിറ്റോറിയത്തിൽ കൺവെൻഷൻ സംസ്ഥാന ട്രഷറർ വി. ആർ. ശാലിനി ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി എ.പി. പ്രീനിൽ, പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഷീബൻ, പി.കെ.ബാബു, കെ.എം.ജോഷി, ഇ.കെ.വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ.ബാബു (പ്രസിഡന്റ്), ടി.കെ. ദിനേശൻ, എൻ. എ. സുകുമാരൻ, സിനില പ്രവീൺ (വൈസ് പ്രസിഡന്റുമാർ), പി.കെ.ബാബു (സെക്രട്ടറി, ടി.സി. ചന്ദ്രൻ, ഇ.കെ. വിജയൻ, എൻ. എസ്. സൂരജ് (ജോ. സെക്രട്ടറിമാർ), എൻ. എ.രാജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.