ഒരു മീനിന് 250 രൂപ വരെ,​ ലഭിച്ചത് ടൺകണക്കിന്; വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ ഭാഗ്യം തേടി വന്നു

Friday 25 July 2025 10:21 PM IST

വിഴിഞ്ഞം: വിഴിഞ്ഞം മത്സ്യബന്ധന തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് ഇന്ന് ലഭിച്ചത് ടൺ കണക്കിന് മരപ്പാൻ ക്ലാത്തി എന്ന വെള്ളക്ലാത്തി മീൻ. (ലെതർ ജാക്കറ്റ് ഫിഷ് ) ഉറപ്പേറിയ മാംസവും കാഠിന്യമുള്ള മുള്ളുകളുമാണ് ഇതിന്റെ പ്രത്യേകത. പ്രോട്ടീൻ കൂടുതലുള്ള ഈ മീൻ അതീവ രുചികരമാണ്.ഇന്ന് ഉച്ചയ്ക്ക് ശേഷം കടലിൽ പോയി മടങ്ങിയവരുടെ വള്ളങ്ങളിലെല്ലാം നിറയെ ലഭിച്ചത് മരപ്പാൻ ക്ലാത്തികളാണ്. പുറംതൊലി നല്ല കട്ടിയുള്ള പരന്ന് വലുപ്പമുള്ള ക്ലാത്തിയ്ക്ക് വിദേശ മാർക്കറ്റിൽ വൻ വിലയാണ്. മാംസത്തിന് തണുപ്പിനെ ചെറുക്കാനുള്ള കഴിവുള്ളതിനാൽ

തണുപ്പ് കൂടിയ രാജ്യങ്ങളിൽ വൻ വിലയ്ക്കാണ് ഇവ കയറ്റുമതി ചെയ്യുന്നത്.ഇന്നലെ എത്തിയ ക്ലാത്തി മത്സ്യം തീരത്ത് കൂട്ടിയിട്ടത് മത്സ്യം വാങ്ങാനെത്തിയവർക്ക് അത്ഭുത കാഴ്ചയായി മാറി. കനത്ത മഴയിലും തീരത്ത് ക്ലാത്തി മത്സ്യ ലേലം നടന്നു. ഇതിനൊപ്പം കല്ലൻ കണവകളും കിട്ടിയത് ഇരട്ടിനേട്ടമായി. ഇവ രണ്ടും വിദേശ മാർക്കറ്റിലേക്ക് കയറ്റി അയയ്ക്കുന്ന കമ്പനികൾ ലേലത്തിനെടുക്കുകയായിരുന്നു. ഒരു കിലോയോളം തൂക്കം വരുന്ന ഒരു ക്ലാത്തിയ്ക്ക് 250 ഓളം രൂപ വില ലഭിച്ചു. ജപ്പാൻ, ചൈന എന്നിവയെ കൂടാതെ തണുപ്പ് ഏറ്റവും കൂടുതലുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് കയറ്റുമതിയുള്ളത്. കേരളത്തിൽ ഈ മീനിന് ഡിമാൻഡ് കുറവാണെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു.