@ പരിശോധനയില്ല, നിയന്ത്രണമില്ല വിപണിയിൽ എല്ലാം പ്ലാസ്റ്റിക് കവറിൽ
കോഴിക്കോട്: നിയന്ത്രണത്തിന് അഞ്ച് വർഷത്തെ പഴക്കമുണ്ടെങ്കിലും വിപണിയിൽ ഇപ്പോഴും പ്ലാസ്റ്റിക് കവറുകൾ സുലഭം. 2020 ജനുവരി ഒന്ന് മുതലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് സംസ്ഥാന സർക്കാരും 2022 ൽ കേന്ദ്ര സർക്കാരും കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലുമെല്ലാം പ്ലാസ്റ്റിക് കവറുകൾ മാത്രമാണ്.
ഇറച്ചിക്കട, മീൻകട, തട്ടുകട, പച്ചക്കറിക്കട, വഴിയോര വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം നിരോധിത പ്ലാസ്റ്റിക് കവറുകളുണ്ട്. സപ്ലൈകോ അടക്കം പൊതുമേഖല സ്ഥാപനങ്ങളും ഭക്ഷ്യോത്പന്നങ്ങൾ പ്ലാസ്റ്റിക് കവറുകളിലാണ് പാക്ക് ചെയ്യുന്നത്. തട്ടുകടകളിൽ പ്ലാസ്റ്റിക് പ്ലേറ്റുകളിലും ഭക്ഷണം നൽകുന്നുണ്ട്. പ്ലാസ്റ്റിക് ഷീറ്റ് (മേശവിരി) , കപ്പ്, തെർമോക്കോൾ എന്നിവയും വിപണിയിൽ സുലഭം. ഓണം , വിഷു തുടങ്ങി ആഘോഷ സീസണുകളിൽ പ്ലാസ്റ്റിക് തോരണങ്ങളും ഉത്പന്നങ്ങളും ലഭ്യമാണ്. പ്ലാസ്റ്റികിന് ബദലായി സ്റ്റെയിൻലെസ് സ്റ്റീൽ, ഗ്ലാസ്, മുള, മൺപാത്രങ്ങൾ, ബയോപ്ലാസ്റ്റിക് തുടങ്ങി വിവിധ ഉത്പന്നങ്ങൾ ഇറക്കിയെങ്കിലും വിപണിയിൽ ആവശ്യത്തിനില്ല.
പരിശോധന പേരിനുമാത്രം
കളക്ടർ, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ, ഹരിതകേരളം മിഷൻ എന്നിവർക്കാണ് പരിശോധന ചുമതലയുള്ളത്. എന്നാൽ വല്ലപ്പോഴും പേരിന് പരിശോധന നടത്തുന്നതല്ലാതെ തുടർ നടപടികളൊന്നുമുണ്ടാകാറില്ല.
10,000 മുതൽ പിഴ
ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽപ്പന നടത്തിയാലും കെെവശം വെച്ചാലും ആദ്യഘട്ടത്തിൽ പതിനായിരവും രണ്ടാംഘട്ടത്തിൽ 25,000 രൂപയും തുടർന്ന് 50000 വുമാണ് പിഴയീടാക്കുന്നത്.
നിരോധിച്ച ഉത്പന്നങ്ങൾ
പ്ലാസ്റ്റിക് കാരി ബാഗ് (120 മൈക്രോൺ വരെ), പ്ലാസ്റ്റിക് ഷീറ്റ് (മേശ വിരി), ക്ലിംഗ് ഫിലിം പ്ലേറ്റ്, കപ്പ്, തെർമോക്കോൾ, സ്റ്റൈറോഫോം അലങ്കാര വസ്തുക്കൾ, പ്ലേറ്റ്, സ്‌പൂൺ, ഫോർക്ക്, സ്‌ട്രോ, പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പ്, ബൗൾ, കാരി ബാഗ്, ടംബ്ലറുകൾ, കപ്പുകൾ, പ്ലാസ്റ്റിക് ഫ്ളാഗ്, നോൺ വൂവൺബാഗ്, പ്ലാസ്റ്റിക് വാട്ടർ പൗച്ച്, പ്ലാസ്റ്റിക് ജ്യൂസ് പായ്‌ക്കറ്റ്, പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, പി.വി.സി ഫ്ളെക്‌സ്, പ്ലാസ്റ്റിക് പാക്കറ്റ്, 500 മില്ലി ലിറ്ററിൽ താഴെയുള്ള പി.ഇ.ടി/പി.ഇ.ടി.ഇ കുടിവെള്ളക്കുപ്പികൾ, സ്‌ട്രോ, സ്റ്റീറർ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ്, ബൗളുകൾ, ഇല, ബാഗുകൾ, പ്ലാസ്റ്റിക് കൊടിതോരണങ്ങൾ
''പ്ലാസ്റ്റിക് നിർമ്മാണ യൂണിറ്റുകളിലടക്കം പരിശോധന നടത്തുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും മറ്റും കാരണത്താൽ എന്നും പരിശോധന നടത്താൻ സാധിക്കാറില്ല'' റമീന വി.വി, പരിസ്ഥിതി എൻജിനീയർ, മലിനീകരണ നിയന്ത്രണ ബോർഡ്