ഉദ്ഘാടനം ഇന്ന് വീണാജോർജ് നിർവഹിക്കും, കോന്നി മെഡിക്കൽ കോളേജിൽ ലൈഫ് കെയർ ഫാർമസി
കോന്നി : കോന്നി ഗവ.മെഡിക്കൽ കോളേജിലെ എച്ച്.എൽ.എൽ ലൈഫ് കെയർ ഫാർമസി ആൻഡ് സർജിക്കൽസ് ഇന്ന് രാവിലെ പത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ 500 ചതുരശ്ര അടി വിസ്തീർണത്തിൽ 27 ലക്ഷം രൂപ ചെലവഴിച്ചാണ് ഫാർമസി നിർമ്മിച്ചത്. 24 മണിക്കൂറും ഫാർമസിയുടെ സേവനം ലഭ്യമായിരിക്കും.
മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ, ഇമ്പ്ലാന്റ്റുകൾ എന്നിവ അൻപത് ശതമാനം വരെ വിലക്കുറവിൽ ലഭ്യമായിരിക്കും. ആശുപത്രിയിൽ അഡ്മിറ്റായിട്ടുള്ള ആരോഗ്യ ഇൻഷുറൻസുള്ള രോഗികൾക്കും മെഡിസെപ്പ് ഉള്ളവർക്കും ജെ.എസ്.എസ്.കെ, ആരോഗ്യ കിരണം എന്നീ സർക്കാർ സ്കീമുകളിൽ ഉൾപ്പെടുന്നവർക്കും മരുന്നുകൾ സൗജന്യമായി ലഭിക്കും. ആശുപത്രികൾക്ക് ആവശ്യമുള്ള എല്ലാസർജിക്കൽ ഉപകരണങ്ങളും ജീവൻ രക്ഷാ മരുന്നുകളും വിലക്കുറവിൽ ലഭ്യമാകും. മെഡിക്കൽ കോളേജിലും സമീപ ആശുപത്രികളിലും എത്തുന്ന രോഗികൾക്ക് സേവനം പ്രയോജനപ്പെടുത്താം. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആന്റോ ആന്റണി.എം.പി , മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.വിശ്വനാഥൻ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ എന്നിവർ പങ്കെടുക്കും.