ചെങ്ങന്നൂർ സിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രം: കെട്ടിടനിർമ്മാണം അവസാന ഘട്ടത്തിൽ
ചെങ്ങന്നൂർ : സിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രത്തിനായുള്ള കെട്ടിടനിർമ്മാണം അവസാന ഘട്ടത്തിൽ. നിർമ്മാണം ആരംഭിച്ചിട്ട് 11വർഷം പൂർത്തിയാകുന്നു. പെയിന്റിംഗ് ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. ചുറ്റുമതിൽ നിർമ്മാണം, പരിസരം നിരപ്പാക്കൽ തുടങ്ങിയ ജോലികൾ പൂർത്തിയായ ശേഷം ഫർണിച്ചറുകൾ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ് കേന്ദ്രം. മുൻ എം.എൽ.എ പി.സി.വിഷ്ണുനാഥിന്റെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് ഒന്നരക്കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിരുന്നു. അങ്ങാടിക്കൽ തെക്ക് ഗവ.എച്ച്എസ്എ സ് വളപ്പിൽ 2014ൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടു. 6000 ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിട നിർമ്മാണം തുടങ്ങിയെങ്കിലും വിവിധ പ്രശ്നങ്ങളാൽ പലവട്ടം നിലച്ചു. പിന്നീട് മന്ത്രി സജി ചെറിയാന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് മൂന്ന് ഘട്ടങ്ങളിലായി 90 ലക്ഷം രൂപകൂടി കേന്ദ്രത്തിനായി അനുവദിച്ചു. ഹാബിറ്റാറ്റിനാണ് നിർമ്മാണച്ചുമതല. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ടാലന്റ് ഡെവലപ്മെന്റ് കോഴ്‌സും പ്ലസ് വൺ, പ്ലസ്‌ടു വിദ്യാർത്ഥികൾക്കായി ഫൗണ്ടേഷൻ കോഴ്സും നിലവിൽ അങ്ങാടിക്കൽ തെക്ക് ഗവ.ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ നടത്തുന്നുണ്ട്. സ്വന്തം കെട്ടിടം തുറക്കുന്നതോടെ വെർച്വൽ ക്ലാസുകൾ ഉൾപ്പെടെയുള്ളവ നടത്താം. ബിരുദ വിദ്യാർത്ഥികൾക്കുള്ള ത്രിവത്സര കോഴ്സും സിവിൽ സർവീസ് പരീക്ഷയുടെ ആദ്യപടിയായ പ്രിലിമിനറി പരീക്ഷയ്ക്കു വേണ്ട പ്രിലിമിനറി കോഴ്സും ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ആവശ്യമുന്നയിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കു കത്ത് നൽകിയിട്ടുണ്ടെന്നു മന്ത്രി സജി ചെറിയാന്റെ ഓഫീസ് അറിയിച്ചു. വൈകാതെ ഉദ്ഘാടനമുണ്ടാകും. കെട്ടിടം തുറക്കുന്നതോടെ മദ്ധ്യ തിരുവിതാംകൂറിലെ കൂടുതൽ വിദ്യാർത്ഥികൾക്കു സിവിൽ സർവീസ് പരിശീലനത്തിന് അവസരം ലഭിക്കും. കൂടുതൽ വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള അവസരം ഉണ്ടാകും.
..............................
മറ്റ് സ്ഥലങ്ങളിൽ പോയി പഠിക്കേണ്ട അവശ്യം ഇല്ല . ഇത് മദ്ധ്യ തിരുവിതാംകൂറിലെ വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യും, എത്രയും പെട്ടെന്ന് ഇത് യാഥാർത്ഥ്യമാക്കണം,.
മാത്യൂ കോശി
(സിവിൽ സർവീസ് അദ്ധ്യാപകൻ )