വിൽപ്പന സമ്മർദ്ദത്തിൽ ഇടറി വിപണികൾ

Saturday 26 July 2025 12:48 AM IST

ഓഹരി, സ്വർണം, രൂപ താഴേക്ക്

കൊച്ചി: അമേരിക്ക പകരച്ചുങ്കത്തിൽ നൽകിയ ഇളവിന്റെ കാലാവധി അടുത്തതും കമ്പനികളുടെ നിരാശാജനകമായ പ്രവർത്തന ഫലങ്ങളും ഇന്ത്യൻ ഓഹരി വിപണിക്ക് കനത്ത സമ്മർദ്ദം സൃഷ്‌ടിക്കുന്നു. ഇതോടൊപ്പം ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വിലയും കുത്തനെ ഇടിഞ്ഞു. സിംഗപ്പൂർ എക്‌സ്‌ചേഞ്ചിൽ സ്വർണ വില ഔൺസിന്(28.35 ഗ്രാം) 3,338 ഡോളറിലേക്ക് താഴ്ന്നു.

തുടർച്ചയായ രണ്ടാം ദിവസവും കനത്ത നഷ്‌ടത്തോടെയാണ് ഇന്ത്യൻ സൂചികകൾ വ്യാപാരം പൂർത്തിയാക്കിയത്. സെൻസെക്‌സ് 721.08 പോയിന്റ് ഇടിഞ്ഞ് 81,463.09ൽ അവസാനിച്ചു. നിഫ്‌റ്റി 225.10 പോയിന്റ് നഷ്‌ടവുമായി 24,837ൽ എത്തി. ഒരു മാസത്തെ ഏറ്റവും താഴ്ന്ന തലത്തിലാണ് സൂചികകൾ വ്യാപാരം നടത്തുന്നത്. ബജാജ് ഫിനാൻസിന്റെ ഓഹരി വില ഒരവസരത്തിൽ ആറ് ശതമാനം വരെ ഇടിഞ്ഞിരുന്നു. ബജാജ് ഫിൻസെർവും വിൽപ്പന സമ്മർദ്ദം നേരിട്ടു. ബജാജ് ഫിനാൻസിന്റെ ലാഭത്തിൽ പ്രതീക്ഷിച്ച വർദ്ധനയുണ്ടാകാത്തതാണ് നിക്ഷേപകർക്ക് നിരാശ സൃഷ്‌ടിച്ചത്. ഐ.ടി, മെറ്റൽ, വാഹന, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടെ ഓഹരികളും തിരിച്ചടി നേരിട്ടു.

സ്വർണ വിലത്തകർച്ച തുടരുന്നു

രാജ്യാന്തര വിപണിയു‌ടെ ചുവടുപിടിച്ച് കേരളത്തിൽ പവൻ വില 360 രൂപ കുറഞ്ഞ് 73,680 രൂപയിലെത്തി. ഗ്രാമിന്റെ വില 45 രൂപ താഴ്ന്ന് 9,210 രൂപയിലെത്തി. ബുധനാഴ്ച രേഖപ്പെടുത്തിയ 75,040 രൂപയിൽ നിന്ന് രണ്ടു ദിവസത്തിനിടെ 1,360 രൂപയുടെ ഇടിവാണുണ്ടായത്. ചൈന സ്വർണ ശേഖരം കുറച്ചതും ഡോളറിന്റെ ദൗർബല്യവുമാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.

നിക്ഷേപ മൂല്യത്തിൽ ഇന്നലെയുണ്ടായ ഇടിവ്

6.5 ലക്ഷം കോടി രൂപ

1. അമേരിക്കൻ സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളിൽ ഡോളറിനെതിരെ യൂറോയും ബ്രിട്ടീഷ് പൗണ്ടും ശക്തിയാർജിക്കുന്നു

2. അമേരിക്കയിൽ മുഖ്യ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ പണം പിൻവലിക്കുന്നു

3. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസക്കാലയളവിൽ ഇന്ത്യൻ കമ്പനികളുടെ ലാഭക്ഷമതയും അറ്റാദായവും കുറയുന്നു

4. അമേരിക്കയും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ആഗസ്‌റ്റ് ഒന്നിന് മുൻപ് ഒപ്പുവെക്കുന്നതിലെ അനിശ്ചിതത്വം നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിക്കുന്നു