അട്ടപ്പാടിയിലെ വന്യമൃഗ ശല്യം: ആഗസ്റ്റ് ഒന്നിന് സംയുക്തയോഗം
മണ്ണാർക്കാട്: അട്ടപ്പാടിയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണുവാനായി വനംവകുപ്പിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് ഒന്നിന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ യോഗം ചേരാൻ വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ സാനിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. ജനപ്രതിനിധികളും മണ്ണാർക്കാട് ഡി.എഫ്.ഒയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. അട്ടപ്പാടിയിലെ മൂന്നു പഞ്ചായത്തിലേയും തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. വർധിച്ചു വരുന്ന കാട്ടുപന്നി ശല്യം പരിഹരിക്കാൻ മൂന്നുദിവസം നീണ്ടുനിൽക്കുന്ന തുടർച്ചയായ ഡ്രൈവ് നടത്താനും മന്ത്രി ഡി.എഫ്.ഒയോട് ഉത്തരവിട്ടു. വന്യമൃഗശല്യം മൂലം ജനജീവിതം ദുരിതത്തിലാണെന്നും പരിഹാര നടപടികൾ വേണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധി സംഘം വനംമന്ത്രിയുമായി ചർച്ച നടത്തി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ സനോജ്, പഞ്ചായത്തംഗം ഡി.രവി, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് ആര്യമ്പാവ് കെ.ടി.ഡി.സിയിൽ മന്ത്രിയെ കണ്ടത്. മരുതി മുരുകൻ മന്ത്രിക്ക് നിവേദനവും നൽകി. വന്യജീവി ആക്രമണംമൂലം ജീവനും സ്വത്തിനും സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് തടയിടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിനുള്ള ആനുകൂല്യ വിതരണത്തിൽ കാലതാമസമില്ലെന്നും മുൻപത്തേക്കാൾ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു. വന്യമൃഗങ്ങളുടെ ആക്രമണവും കാടിറക്കവും തടയാൻ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തും. വനം വകുപ്പിന്റെയും ആർ.ആർ.ടിയുടെയും പ്രവർത്തനം ശക്തമാക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ഡി.എഫ്.ഒ സി.അബ്ദുൾ ലത്തീഫ്, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവി, സംസ്ഥാന നിർവാഹകസമിതി അംഗം മോഹൻ ഐസക്ക്, പാർട്ടിയുടെ മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത് എന്നിവരും ആര്യമ്പാവ് കെടിഡിസിയിൽ നടത്തിയ ചർച്ചയിൽ പങ്കെടുത്തു.