സി.പി.ഐ ജില്ലാ സമ്മേളനം സമാപിച്ചു

Saturday 26 July 2025 12:50 AM IST
സി.പി.ഐ

നാദാപുരം: രണ്ട് ദിവസങ്ങളിലായി കല്ലാച്ചിയിൽ നടന്ന സി.പി.ഐ കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. പാർട്ടിയുടെ യുവനിര നേതാവും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.ഗവാസിനെ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞടുത്തു. 2005 മുതൽ സി.പി.ഐ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗവും നിലവിൽ പാർട്ടി ജില്ലാ അസി. സെക്രട്ടറിയുമാണ് . 2020 മുതൽ കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ കടലുണ്ടി ഡിവിഷനിൽ നിന്നുള്ള അംഗമാണ് . രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവർക്കും സ്വീകാര്യനായ യുവ നേതാവുകൂടിയായ ഗവാസിലൂടെ കോഴിക്കോട്ടെ പാർട്ടി പ്രവർത്തനം കൂടുതൽ കരുത്തുറ്റതാക്കുകയാണ് സമ്മേളനം ലക്ഷ്യമിടുന്നത്.

കല്ലാച്ചി എം.നാരായണൻ മാസ്റ്റർ നഗറിൽ മുതിർന്ന പ്രതിനിധി കെ.ജി. പങ്കജാക്ഷൻ പതാക ഉയർത്തിയതോടെയാണ് കഴിഞ്ഞ ദിവസം സമ്മേളനത്തിന് തുടക്കമായത്. സമ്മേളനത്തിന്റെ ഭാഗമായി കല്ലാച്ചിയിൽ നടത്താൻ തീരുമാനിച്ച വോളണ്ടിയർ മാർച്ചും പൊതു സമ്മേളനവും പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചതായും ഈ പരിപാടികൾ പാർട്ടിയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പിന്നീട് നടത്തുമെന്നും നേതാക്കൾ അറിയിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്താൻ തീരുമാനിച്ച പതാക, കൊടിമരം, ബാനർ ജാഥകൾ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് ഒഴിവാക്കിയിരുന്നു.