അപകട ഭീഷണി ഉയർത്തി റവന്യൂ പുറമ്പോക്കിലെ ചെങ്കൽ പാറ

Friday 25 July 2025 10:58 PM IST

കൊണ്ടോട്ടി: പുളിക്കൽ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ആൽപ്പറമ്പ് കരിപ്പൂർ റോഡിൽ ആൽപ്പറമ്പിനടുത്ത് റവന്യൂ പുറമ്പോക്കിൽ നിൽക്കുന്ന വലിയ ചെങ്കൽ പാറ അപകട ഭീഷണി ഉയർത്തുന്നു. റോഡരികിനോട് ചേർന്ന് നിൽക്കുന്ന വലിയ പാറയിൽ ഏഴു ഭാഗങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ പെയ്യുകയാണെങ്കിൽ പാറ ഏതുനിമിഷവും റോഡിലേക്ക് അടർന്നു വീഴുന്ന സ്ഥിതിയിലാണ്. കരിപ്പൂർ വിമാനത്താവളം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, ചേളാരി തുടങ്ങിയ ഭാഗങ്ങളിലേക്ക് നിരന്തരം ആളുകളും വാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്.പാറയ്ക്ക് മുകളിൽ കെ.എസ്ഇ.ബി ഉപേക്ഷിച്ച ലൈനുകൾ ഇല്ലാത്ത ഒരു ഇലക്ട്രിക് പോസ്റ്റും നിൽക്കുന്നുണ്ട്. കനത്ത മഴയിൽ ഇത് താഴേക്ക് പതിച്ചാൽ വലിയ ദുരന്തമാണ് ഇവിടെ സംഭവിക്കുക. വാർഡ് മെമ്പറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുളിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിക്കുകയും പാറയുടെ അപകടകരമായ അവസ്ഥ നേരിൽ കണ്ട് ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് റവന്യൂ പുറമ്പോക്ക് ഭൂമിയായതിനാൽ അന്ന് തന്നെ പുളിക്കൽ വില്ലേജ് ഓഫീസ്, കൊണ്ടോട്ടി താലൂക്ക് ഓഫീസ്, ജില്ലാ കലക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം എന്നിവിടങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതികൾ നൽകിയിരുന്നു.

സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉന്നത അധികാരികൾക്ക് കത്തു നൽകിയിരുന്നു. എന്നാൽ ഇതുവരെയും ഈ വിഷയത്തിൽ ആരുടെ ഭാഗത്തുനിന്നും യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ല.

പഞ്ചായത്ത് സെക്രട്ടറി

പടം.....ക്യാപ്ഷൻ

ആൽപ്പറമ്പ് കരിപ്പൂർ റോഡിൽ ആൽപ്പറമ്പിനടുത്ത് വിള്ളൽ വീണ് അപകടകരമായ രീതിയിൽ നിൽക്കുന്ന ചെങ്കൽപ്പാറ