തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നടത്തി

Friday 25 July 2025 10:59 PM IST

മലപ്പുറം: മലപ്പുറം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന (എഫ്.എൽ.സി) ജില്ലാ ഇലക്ഷൻ ഓഫീസർ വി.ആർ.വിനോദിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. മലപ്പുറം സിവിൽ സ്‌റ്റേഷനിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ.വി.എം വെയർഹൗസിന് സമീപം സജ്ജീകരിച്ച പ്രത്യേക പന്തലിലാണ് ആദ്യഘട്ട പരിശോധന നടന്നത്. 5,983 കൺട്രോൾ യൂണിറ്റും 31,273 ബാലറ്റ് യൂണിറ്റുകളും ആണ് ആദ്യഘട്ട പരിശോധനയ്ക്ക് വിധേയമാക്കിയത്. അടുത്തമാസം 25 വരെയാണ് ഫസ്റ്റ് ലെവൽ ചെക്കിംഗ് നടക്കുക. വിവിധ വകുപ്പുകളിൽ നിന്നായി 125 ഉദ്യോഗസ്ഥരെയും ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ രണ്ട് എഞ്ചിനീയർമാരെയും നിയോഗിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി.ബിജു, സീനിയർ സൂപ്രണ്ട് അൻസു ബാബു, ഡെപ്യൂട്ടി തഹസിൽദാർമാരായ ജിസ്‌മോൻ, ബിനു, ഇലക്ഷൻ വിഭാഗം ജീവനക്കാരായ നാരായണൻ, അഷ്റഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

5,983 കൺട്രോൾ യൂണിറ്റുകൾ

31,273 ബാലറ്റ് യൂണിറ്റുകൾ

125 ഉദ്യോഗസ്ഥർ